| Tuesday, 2nd September 2025, 9:11 am

ഞാന്‍ രജിനികാന്ത് ആരാധകന്‍; ആ മൂന്ന് ഇന്ത്യന്‍ സിനിമകള്‍ പ്രിയപ്പെട്ടത്: നരുട്ടോ വോയിസ് ആക്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജപ്പാനിലെ ഐച്ചി പ്രിഫെക്ചറില്‍ നിന്നുള്ള ജാപ്പനീസ് വോയിസ് ആക്ടറാണ് തകാഹിരോ സകുറായ്. ഡെമോണ്‍ സ്ലേയര്‍ (Demon Slayer), നരുട്ടോ ഉള്‍പ്പെടെയുള്ള ആനിമേഷന്‍ സീരീസുകളില്‍ ശബ്ദം നല്‍കിയിട്ടുള്ള ആള്‍ കൂടിയാണ് തകാഹിരോ.

ഡെമോണ്‍ സ്ലേയറില്‍ ജിയു ടോമിയോകയ്ക്കും (Giyu Tomioka) നരുട്ടോ ഷിപ്പ്ഡെനില്‍ സസോരിക്കുമാണ് (Sasori) അദ്ദേഹം ശബ്ദം നല്‍കിയത്. ഇപ്പോള്‍ രജിനികാന്തിനെ കുറിച്ചും എസ്.എസ്. രാജമൗലിയുടെ സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ഈ ജാപ്പനീസ് വോയിസ് ആക്ടര്‍.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് തകാഹിരോ താന്‍ ഒരു രജിനികാന്ത് ആരാധകനാണെന്ന് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന് വേണ്ടി എന്നെങ്കിലും ഡബ്ബ് ചെയ്യുമോ എന്ന ചോദ്യത്തിനും തകാഹിരോ മറുപടി പറഞ്ഞു.

‘എനിക്ക് അതിന് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന് (രജിനികാന്ത്) വളരെ ഉറച്ച സാന്നിധ്യവും ആഴത്തിലുള്ള ശബ്ദവുമുണ്ട്. എന്റെ ശബ്ദം അദ്ദേഹത്തിന് ചേരുമെന്ന് എനിക്ക് തോന്നുന്നില്ല,’ തകാഹിരോ പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള നടന്മാരില്‍ ആര്‍ക്കാണ് തന്റെ ശബ്ദം നന്നായി യോജിക്കുകയെന്നറിയാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയപ്പെട്ട ഇന്ത്യന്‍ സിനിമകള്‍ ഏതാണെന്ന ചോദ്യത്തിനും തകാഹിരോ മറുപടി നല്‍കി.

എസ്.എസ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, ബാഹുബലി എന്നീ ചിത്രങ്ങളുടെ പേരാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം രജിനികാന്തിന്റെ മുത്തു എന്ന ചിത്രത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 1995ല്‍ പുറത്തിറങ്ങിയ മുത്തു 1998ല്‍ ജപ്പാനില്‍ റിലീസ് ചെയ്തിരുന്നു.

ചിത്രം ജപ്പാനില്‍ വലിയ കളക്ഷന്‍ നേടുകയും രജിനികാന്തിന് അവിടെ നിരവധി ആരാധകരെ നേടി കൊടുക്കുകയും ചെയ്തിരുന്നു. ആര്‍.ആര്‍.ആര്‍ സിനിമ ജപ്പാനില്‍ റിലീസാകും വരെ അവിടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമായിരുന്നു മുത്തു. പിന്നീട് ആര്‍.ആര്‍.ആര്‍ ആ റെക്കോഡ് തകര്‍ക്കുകയായിരുന്നു.

ഡെമോണ്‍ സ്ലേയര്‍ ഇന്‍ഫിനിറ്റി കാസില്‍ ആര്‍ക്ക്:

ഇപ്പോള്‍ തകാഹിരോ സകുറായ്‌യുടേതായി വരാനിരിക്കുന്ന ചിത്രമാണ് ഡെമോണ്‍ സ്ലേയര്‍ ഇന്‍ഫിനിറ്റി കാസില്‍ ആര്‍ക്ക്. ഡെമോണ്‍ സ്ലേയര്‍ ആനിമേഷന്റെ അഡാപ്‌റ്റേഷനാണിത്. മൂന്ന് ഭാഗങ്ങളായിട്ടാണ് ഡെമോണ്‍ സ്ലേയര്‍ ഇന്‍ഫിനിറ്റി കാസില്‍ ആര്‍ക്ക് എത്തുന്നത്.

ഇതിനകം ജപ്പാനിലും യൂറോപ്പിലും റെക്കോഡുകള്‍ തകര്‍ത്ത ഈ സിനിമയുടെ ആദ്യ ഭാഗം ഇന്ത്യയിലും റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രൊമോഷന്റെ ഭാഗമെന്നോണമാണ് തകാഹിരോ ഹിന്ദുസ്ഥാന്‍ ടൈംസിന് അഭിമുഖം നല്‍കിയത്.

Content Highlight: Naruto voice actor Takahiro Sakurai says he is fan of Rajinikanth

We use cookies to give you the best possible experience. Learn more