| Friday, 20th April 2018, 12:07 pm

നരോദപാട്യ കൂട്ടക്കൊലക്കേസ്; ഗുജറാത്ത് മുന്‍ മന്ത്രി മായാകോട്‌നാനിയെ വെറുതെ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: 2002 ലെ ഗുജറാത്ത് കലാപകാലത്തെ നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി നേതാവും മുന്‍ മന്ത്രിയു മായാ കോട്‌നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കോടതി അവരെ വെറുതെവിട്ടത്. നരേന്ദ്ര മോദി മന്ത്രിസഭയില്‍ വനിത-ശിശു ക്ഷേമ മന്ത്രിയായിരുന്നു മായ കോട്‌നാനി.

കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി കേസിലെ 29 പ്രതികളെ ശിക്ഷിച്ചിരുന്നു.
അതേസമയം കേസിലെ പ്രതിയായ ബജ് രംഗ്ദള്‍ നേതാവ് ബാബു ബജരംഗിയുടെ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തിട്ടുണ്ട്.

95 പേര്‍ കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാവാണ് മായാ കോട്‌നാനി. കേസില്‍ ഇവരെ 28 വര്‍ഷത്തെ കഠിന തടവിനാണ് വിചാരണ കോടതി അവരെ ശിക്ഷിച്ചത്.


Read Also : ‘ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്…പക്ഷെ ഇനിയും പ്രതീക്ഷയില്ല’; സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി ലോയയുടെ കുടുംബം


ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊലയില്‍ ബി.ജെ.പി. എം.എല്‍.എയും മുന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായ മായാ കോട്നാനിക്ക് 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിക്ക് മരണം വരെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) അന്വേഷിച്ച ഒമ്പതു കലാപക്കേസുകളില്‍ കുറ്റക്കാരിയാകുന്ന ആദ്യ വനിതയാണ് കോട്നാനി.
മൂന്നു തവണ നരോദ മേഖലയിലെ എം.എല്‍.എ ആയിരുന്നു കോട്നാനി.


Read Also : ‘എന്താണ് ഇന്ത്യയില്‍ നടക്കുന്നത്.?; പ്രധാനമന്ത്രിയെ ഉപദേശിച്ച് വീണ്ടും ഐ.എം.എഫ് അധ്യക്ഷ


2002 ഫെബ്രുവരി 27 ന് ഗോധ്ര സംഭവത്തിന്റെ തൊട്ടടുത്ത ദിവസം വിശ്വ ഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദിലാണു നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. കലാപത്തില്‍ 97 പേര്‍ മരിക്കുകയും 33 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

നരോദയിലെ എം.എല്‍.എയും നരേന്ദ്ര മോഡി മന്ത്രിസഭയിലെ മുന്‍ മന്ത്രിയുമായ കോട്നാനി, വി.എച്ച്.പി മുന്‍ നേതാവ് ബാബു ബജ്രംഗി, പ്രാദേശിക ബി.ജെ.പി നേതാക്കളായ ബിപിന്‍ പഞ്ചല്‍, കിഷന്‍ കോറാനി, അശോക് സിന്ധി തുടങ്ങിയവരാണ് കേസിലെ മുഖ്യപ്രതികള്‍. 62 പേരെ പ്രതിചേര്‍ത്ത് 2009 ഓഗസ്റ്റിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

46 പേരെയാണ് കൂട്ടക്കൊലയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 2008ല്‍ സുപ്രീംകോടതി കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 24 പേരെ എ.സ്.ഐ.ടിയും അറസ്റ്റ് ചെയ്തു. മൊത്തം 70 പേരാണു കേസില്‍ അറസ്റ്റിലായത്.

കലാപകാരികള്‍ക്ക് മണ്ണെണ്ണയും വാളുകളും എത്തിച്ചുനല്‍കിയതു കോട്നാനിയും ബംജ്രംഗിയും ചേര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more