നരിവേട്ട കണ്ടു കഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മ വന്ന വാക്ക് ‘ഓപ്പറേഷന്‍ നോര്‍ത്ത്‌വുഡ്സ്’ ആണ്. നരിവേട്ട കൈകാര്യം ചെയ്യുന്ന വിഷയം ഭരണകൂട ഭീകരതയും ഡീപ്പ് സ്റ്റേറ്റ് പ്രൊപ്പഗാണ്ടയും ഒക്കെയാണ് എന്നത് കൊണ്ട് തന്നെ ആവും അത്.
എന്തായിരുന്നു ഒപ്പേറഷന്‍ നോര്‍ത്ത്‌വുഡ്സ് ?
കോള്‍ഡ് വാര്‍ സമയത്തെ അമേരിക്കയുടെ രഹസ്യ രേഖകള്‍ 1997 ല്‍ ഡീ ക്ളാസ്സിഫൈ ചെയ്തപ്പോള്‍ ആണ് ഒപ്പേറഷന്‍ നോര്‍ത്ത്‌വുഡ്സ് എന്നൊരു അമേരിക്കന്‍ പദ്ധതിയെ പാറ്റി ലോകം അറിയുന്നത്.
അമേരിക്കന്‍ പ്രതിരോധ വിഭാഗം 1962 ല്‍ മുന്നോട്ടു വെച്ച ഈ ഓപ്പറേഷന്റെ പ്ലാനുകള്‍ ഇങ്ങനെ: അമേരിക്കയിലെ നഗരങ്ങളില്‍ വ്യാജമോ അല്ലാത്തതോ ആയ സ്ഫോടനങ്ങള്‍ /വെടി വെയ്പുകള്‍, നടത്തുക കുറച്ചു സിവിലിയന്‍സിനെ കൊല്ലുക, സ്വന്തം വിമാനങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവ നിരന്തരം തകര്‍ക്കുക, നാസയുടെ സ്പേസ് മിഷന്‍ ഉള്‍പ്പടെ ഉള്ളവ തടസ്സപ്പെടുത്തുക, ഇവയെല്ലാം ക്യൂബയും ഫിദല്‍ കാസ്‌ട്രോയും ആണ് ചെയ്തത് എന്ന് അമേരിക്കന്‍ ജനതയെയും ലോകത്തെയും വിശ്വസിപ്പിക്കുക, അമേരിക്കയ്ക്ക് ക്യൂബയെ അധിനിവേശം ചെയ്യാനുള്ള ധാര്‍മിക അവകാശവും ലോക പിന്തുണയും ഉറപ്പാക്കുക ഇതായിരിന്നു അവ.
ഫിദല്‍ കാസ്‌ട്രോ
ജനറല്‍ ലൈമാന്‍ ലെനിസ്റ്റര്‍ മുന്നോട്ട് വെച്ച ഈ പദ്ധതി അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി നിരാകരിക്കുകയും ലൈമാനെ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. ഏതാണ്ട് ഒന്നര വര്ഷം കഴിയുമ്പോള്‍ ആണ് കെന്നഡി കൊല്ലപ്പെടുന്നത്. കെന്നഡിയുടെ കൊലപാതകം അന്വേഷിച്ച സമിതി ആണ് പില്‍ക്കാലത്തു നോര്‍ത്ത്‌വുഡ്സ് ഉള്‍പ്പടെ ഉള്ള രേഖകള്‍ ഡീ ക്ളാസിഫൈ ചെയ്തതും. ഇന്ന് അതെ പറ്റിയുള്ള പുസ്തകങ്ങള്‍, ഡോകുമെന്ററികള്‍ ഒക്കെ ഇന്റര്‍നെറ്റില്‍ ലഭിക്കും.
ജോണ്‍ എഫ് കെന്നഡി / britannica.com
ആലോചിച്ചു നോക്കുക, അന്ന് ഈ പദ്ധതിക്ക് കെന്നഡി അപ്പ്രൂവല്‍ കൊടുത്തിരുന്നു എങ്കില്‍ അതിനു ശേഷം നടന്ന ഭീകരതയും അതിക്രമങ്ങളും എല്ലാം ചരിത്രം ആരുടെ തലയില്‍ ചാരിയേനെ ? മറിച്ചൊരു വാദം മുന്നോട്ട് വെക്കുന്നവരെ കോണ്‍സ്പിരസി തിയറിസ്റ്റോ ഭ്രാന്തനോ ആയി ലോകം കാണുമായിരുന്നില്ലേ ?
നരിവേട്ടയിലെ കഥാ ഗതികള്‍ എങ്ങനെ ഓപ്പറേഷന്‍ നോര്‍ത്ത്‌വുഡ്സ്‌നെ ഓര്‍മ്മിപ്പിക്കുന്നു എന്നത് സിനിമ കാണുന്നവര്‍ക്ക് തന്നെ വിട്ടു നല്‍കുന്നു. പക്ഷെ നരിവേട്ട അടിസ്ഥാനപരമായി സ്റ്റേറ്റ് നരേറ്റീവ്‌നെയും സ്റ്റേറ്റ് ഭീകരതയെയും ഡീപ് സ്റ്റേറ്റിനെയും അലോസരപ്പെടുത്തുന്ന സിനിമ തന്നെ ആണ്. മുത്തങ്ങ വെടിവെപ്പും അനുബന്ധ പോലീസ് ഇടപെടലുകളും തന്നെ ആണ് സിനിമയുടെ പ്രമേയം.
പോലീസ് എന്നത് ഒരേ സമയം സ്റ്റേറ്റിന്റെ മര്‍ദ്ദന ഉപകരണവും അതെ സമയം മനുഷ്യര്‍ എന്ന നിലയില്‍ അവരും ഇരകള്‍ ആണ് എന്നതാണ് നരിവേട്ട സ്ഥാപിക്കുന്നത്. ഒരു വിഭാഗത്തെ ‘ആക്രമിക്കാനോ ഒതുക്കാനോ ന്യായം ഇല്ലെങ്കില്‍’ ന്യായം നിര്‍മ്മിക്കാന്‍ സ്റ്റേറ്റിന് കഴിയും എന്നും അതിനു വേണ്ടി ആരെ ബലി നല്‍കാനും മടിയില്ലെന്നും പറഞ്ഞു വെക്കുന്നുണ്ട് ഈ സിനിമ.
സ്റ്റേറ്റിന്റെ തന്നെ ഭാഗമായ നിയമ വ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ഒരു ഹാപ്പി എന്‍ഡിങ് നരിവേട്ടക്ക് ഉണ്ടെങ്കിലും, അത് വരെയും പറഞ്ഞു വെച്ച രാഷ്ട്രീയത്തെ അത് അസാധുവാക്കുന്നില്ല. ജനപ്രിയ സിനിമയുടെ ഫോര്‍മാറ്റില്‍ നിന്ന് കൊണ്ട് വളരെ ലൗഡ് ആയ ധീരമായ ഇടപെടല്‍ ആണ് ഈ സിനിമ എന്ന് തന്നെ പറയേണ്ടി വരും.
ആദ്യ സിനിമയായ ഇഷ്‌കിന് ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് അനുരാജ് മനോഹര്‍ നരിവേട്ടയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തേക്കാള്‍ വലിയ കാന്‍വാസില്‍ കുറെ കൂടെ വലിയ സ്‌കെയില്‍ ഉള്ള സിനിമ ആണ് ഇത് എന്നത് വെച്ച് നോക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച തന്നെ ആണ് അത്.
പോലീസ് എന്നത് ഒരേ സമയം സ്റ്റേറ്റിന്റെ മര്‍ദ്ദന ഉപകരണവും അതെ സമയം മനുഷ്യര്‍ എന്ന നിലയില്‍ അവരും ഇരകള്‍ ആണ് എന്നതാണ് നരിവേട്ട സ്ഥാപിക്കുന്നത്.
നോണ്‍ ലീനിയര്‍ ശൈലിയില്‍ ഉള്ള കഥ പറച്ചിലില്‍ മാത്രമല്ല, ഡോകുമെന്ററി രീതിയിലേക്ക് പോകാതെ ഒരു സബ്ജക്ടിനെ സിനിമാറ്റിക് ആയി ആദ്യാവസാനം കൊണ്ട് പോകുന്നതിലും സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. പോലീസ് ക്യാമ്പും അനുബന്ധ സംവിധാനങ്ങളും ഒക്കെ പരമാവധി റിയലിസ്‌റിക്ക് ആയി കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഈ സിനിമ .
അനുരാജ് മനോഹര്‍
ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ് ജെയ്ക്‌സ് ബിജോയുടെ സംഗീതം എന്നിവ സിനിമയെ നന്നായി എലിവേറ്റ് ചെയ്തിട്ടുണ്ട്. വായനാടിന്റെയും കാടിന്റെയും ഏരിയല്‍ ഷോട്ടുകള്‍ മനോഹരമായി കാണിക്കുന്നുണ്ട് വിജയുടെ ക്യാമറ.
ക്ലൈമാക്‌സ്‌നോട് ചേര്‍ന്നുള്ള സംഘട്ടനം ഒക്കെ ത്രില്ലിംഗ് ആയ രീതിയിലേക്ക് കൊണ്ട് വന്നതും, നായകനെ അതില്‍ പ്ലെസ് ചെയ്ത രീതിയും ഒക്കെ സിനിമയെ വളരെ എന്‍ഗേജിങ് ആക്കിയിട്ടുണ്ട് .
കാസ്റ്റിങ്ങില്‍ പുലര്‍ത്തിയ ശ്രദ്ധയും എടുത്തു പറയേണ്ടതുണ്ട്. ടോവിനോ തോമസിനെ സംബന്ധിച്ച് അദ്ദേഹം ഇത് വരെ ചെയ്തതില്‍ തന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി ഇതിനെ കാണാം. ഇമോഷണല്‍ രംഗങ്ങളില്‍ കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ എല്ലാം തന്നെ അദ്ദേഹം നല്ല രീതിയില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.
സുരാജ്, ചേരന്‍ എന്നിവരെയും എടുത്തു പറയണം. പ്രേത്യേകിച്ച് ചേരന്‍ തന്റെ ആദ്യ മലയാള പടം ഗംഭീരം ആക്കി. അദ്ദേഹത്തിന്റേത് പോലെയുള്ള ശരീര ഭാഷ ഉള്ള ഒരു നടനെ ഇങ്ങനെ ഒരു റോളിലേക്ക് കൊണ്ട് വന്നതും നരിവേട്ടയെ കുറെ കൂടി എലിവേറ്റ് ചെയ്യുന്നുണ്ട്.
ട്രൈബല്‍ കഥാപാത്രങ്ങള്‍ ചെയ്ത മറ്റു നടീ നടന്മാര്‍, സി.കെ ജാനു ആയി വന്ന ആര്യ സലിം ഒക്കെയും എടുത്തു പറയേണ്ടവര്‍ തന്നെ.
CONTENT HIGHLIGHTS: Narivetta and Operation North Woods; Narivetta movie review