| Tuesday, 16th December 2025, 5:22 pm

ഈ തലമുറയിലെ സൂപ്പര്‍ സ്റ്റാറിന്റെ കൂടെ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചു; ജനനായകനില്‍ എന്റേത് ഗസ്റ്റ് റോള്‍: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ജനനായകന്‍. പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയിയുടെ അവസാന ചിത്രമായാണ് ജന നായകന്‍ ആരാധകരിലേക്കെത്തുന്നത്.

2026 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താര നിര തന്നെയുണ്ട്. സിനിമയില്‍ നരേന്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ വിജയ്‌യെ കുറിച്ചും ജനനായകന്‍ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് നരേന്‍. ജനനായകനിലേക്ക് തന്നെ സംവിധായകന്‍ വിളിച്ചതില്‍ സന്തോഷമുണ്ടെന്നും സിനിമയില്‍ താന്‍ ഒരു ഗസ്റ്റ് റോളിലാണ് വരുന്നതെന്നും അദ്ദേഹം പറയുന്നു.

‘വിജയ് സാറുമായിട്ടുള്ള ഒരു പ്രധാനപ്പെട്ട സീനാണ് എനിക്കുള്ളത്. രണ്ട് മൂന്ന് സീക്വന്‍സില്‍ ഒന്ന് വളരെ ഇന്റന്‍സ് ആയിട്ട് പെര്‍ഫോം ചെയ്യേണ്ട ഒരു സീനായിരുന്നു എനിക്കും അദ്ദേഹത്തിനും. അദ്ദേഹം ആ സീന്‍ വളരെ മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്,’ നരേന്‍ പറയുന്നു.

ഇപ്പോഴത്തെ ജനറേഷനിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ കൂടെ തനിക്ക് ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നും ആ ഒരു ഫീലോടെ തന്നെയാണ് താന്‍ സിനിമയില്‍ അഭിനയിച്ചതെന്നും നരേന്‍ പറഞ്ഞു. വിജയ് ഒരു സൂപ്പര്‍ സ്റ്റാര്‍ എന്ന രീതിയില്‍ അല്ല പെരുമാറുന്നതെന്നും വളരെ സിമ്പിളാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പും വിജയ്‌യെ ചെറിയ പരിചയമുണ്ടെങ്കിലും ജനനായകന്റെ സെറ്റില്‍ കൂടുതല്‍ സംസാരിക്കാനായെന്നും നരേന്‍ പറഞ്ഞു. രജിനി സാറിനെ പോലെ വളരെ എളിമയുള്ള മനുഷ്യനാണ് വിജയ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എക്കോയാണ് നരേന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ നിര്‍ഹിച്ചത് ബാഹുല്‍ രമേശാണ്.

Content Highlight:  Narien talks about the movie Jananayakaan starring Vijay 

We use cookies to give you the best possible experience. Learn more