അഹമ്മദാബാദ്: രാജ്യത്ത് ‘സ്വദേശി’ ഉത്പന്നങ്ങളുടെ ഉപയോഗവും നിർമാണവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ ആഹ്വനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഉക്രൈനിൽ യുദ്ധം ഉണ്ടായിരുന്നിട്ടും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ‘പിഴ’ എന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന 25 ശതമാനം അധിക താരിഫ് നിലവിൽ വരുന്നതിന് ഏതാനം ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനം. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിസിനസുകാർ അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് ‘സ്വദേശി’ സാധനങ്ങൾ വിൽക്കുന്നുണ്ടെന്ന് പറയുന്ന ഒരു വലിയ ബോർഡ് സ്ഥാപിക്കണം,’ വരാൻ പോകുന്ന ഉത്സവ സീസൺ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു. ഇനി നവരാത്രി, വിജയ ദശമി, ധന്തേരസ്, ദീപാവലി തുടങ്ങിയ ആഘോഷങ്ങളാണ് വരുന്നതെന്നും അവ രാജ്യത്തിന്റെ സ്വാശ്രയത്വത്തിന്റെ ആഘോഷങ്ങളുമായിരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും അവ ഇന്ത്യയിൽ നിർമിച്ചതാണെന്ന് ഉറപ്പാക്കണമെന്നും മോദി പറഞ്ഞു.
‘മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ വിൽക്കുന്നതിൽ നിന്ന് ബിസിനസുകാർ വിട്ടുനിൽക്കണം. അതിനെയാണ് ഞാൻ പ്രോത്സാഹിപ്പിക്കുന്നത്. ഈ നടപടി ചെറുതായി തോന്നാം. എന്നാൽ ഫലപ്രദമായിരിക്കും. ഇത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കും,’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്വദേശി ഉത്പന്നങ്ങൾ മാത്രമാണ് വിൽക്കുന്നതെന്ന് പറയാൻ ഓരോ വ്യാപാരിക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയ അമിത തീരുവയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ ‘സ്വദേശി’ നിർദേശങ്ങൾ. നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ ഏറ്റവും പുതിയ എപ്പിസോഡിലും രാഷ്ട്രത്തിനായുള്ള യഥാർത്ഥ സേവനം തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലാണെന്ന് പറഞ്ഞിരുന്നു.
Content Highlight: Narendra Modi’s new move against US tariffs: ‘Swadeshi’ boards to be installed outside shops