| Thursday, 17th September 2026, 6:30 pm

നരേന്ദ്ര മോദിയുടെ ജന്മദിനം എല്ലാ വര്‍ഷവും അന്നപൂര്‍ണ ദിവസമായി ആചരിക്കും: പ്രഖ്യാപനവുമായി സുവേന്ദു അധികാരി

നിഷാന. വി.വി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് പശ്ചിമ ബംഗാളില്‍ എല്ലാ വര്‍ഷവും ‘ അന്നപൂര്‍ണ ദിവസ്’ ആയി ആചരിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കില്‍ നടന്ന വനിതകളുടെ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സുവേന്ദു അധികാരിയുടെ പ്രഖ്യാപനം.

അന്നപൂര്‍ണ യോജന എന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ
പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തി ‘അന്നപൂര്‍ണ ദിവസ്’ ആയി പ്രഖ്യാപിച്ചതെന്ന് സുവേന്ദു അധികാരി പറഞ്ഞു.

സംസ്ഥാനത്തെ 1.58 കോടി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സെപ്റ്റംബര്‍ മാസത്തെ ഗഡുവായ 3,000 രൂപ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയിട്ടുണ്ടെന്നും സുവേന്ദു പറഞ്ഞു.

കൊല്‍ക്കത്തയിലെ ചടങ്ങില്‍ 50,000-ത്തോളം സ്ത്രീകള്‍ നേരിട്ടും 25 ലക്ഷത്തോളം പേര്‍ ഓണ്‍ലൈനായും പങ്കെടുത്തു. ബംഗാളില്‍ 50 ലക്ഷം ഗുണഭോക്താക്കള്‍ക്കായി പുതിയ വീടുകള്‍ നിര്‍മിക്കാനുള്ള പട്ടിക തയ്യാറാക്കുകയാണെന്നും, ഈ വീടുകളെല്ലാം സ്ത്രീകളുടെ പേരില്‍ മാത്രമായിരിക്കും രജിസ്റ്റര്‍ ചെയ്യുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ ഒരു സ്ത്രീയും അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൗമാര വിവാഹങ്ങളിലും ഗര്‍ഭധാരണത്തിലും പശ്ചിമ ബംഗാള്‍ അപകടകരമായ അവസ്ഥയിലാണെന്നും മുര്‍ഷിദാബാദും സൗത്ത് 24 പര്‍ഗനാസും ഈ കണക്കുകളില്‍ മുന്നിലാണെന്നും അധികാരി പറഞ്ഞു.

‘ ഈ സര്‍ക്കാരിന്റെ കാലത്ത് 18 വയസിന് താഴെയുള്ള ഒരു പെണ്‍കുട്ടിയേയും വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. അങ്ങനെ ചെയ്തവരും അത്തരം വിവാഹങ്ങള്‍ക്ക് സഹായിച്ചവരും ശിക്ഷിക്കപ്പെടും,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Narendra Modi’s birthday will be observed as ‘Annapurna Diwas’ every year: Suvendu Adhikari announces.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more