| Friday, 29th March 2019, 10:35 am

എന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാന്‍ കഴിയില്ല; ബാലാകോട്ട് വ്യോമാക്രണത്തെക്കുറിച്ച് സംശയമുന്നയിക്കുന്നവര്‍ വിഡ്ഢികള്‍: അര്‍ണബ് ഗോസ്വാമിയോട് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് സംശയം ഉന്നയിക്കുന്നവര്‍ വിഡ്ഢികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ടി.വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അര്‍ണബ് ഗോസ്വാമിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“എന്റെ രാജ്യസ്‌നേഹം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. ബാലാകോട്ട് വ്യോമാക്രമണ സമയത്ത് ഞാന്‍ ഉണര്‍ന്നിരിക്കുകയും ജവാന്മാരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു” എന്നും മോദി അവകാശപ്പെട്ടു.

കുടുംബവാഴ്ച നിലനില്‍ക്കുന്ന രാഷ്ട്രീയ കുടുംബങ്ങളെ തുറന്നുകാട്ടേണ്ടത് റിപ്പബ്ലിക് ടി.വി പോലുള്ള മാധ്യമങ്ങളുടെ ചുമതലയാണെന്നും മോദി പറഞ്ഞു.

Also read:“എന്ത് കൊണ്ട് തനിക്ക് വാരാണസിയില്‍ മത്സരിച്ചുകൂട; മോദിയ്‌ക്കെതിരെ മത്സരിക്കാന്‍ സന്നദ്ധതയറിയിച്ച് പ്രിയങ്കാ ഗാന്ധി

“കുടുംബവാഴ്ച എന്നെ സംബന്ധിച്ച് പ്രശ്‌നമല്ല. പക്ഷേ അത് ഇന്ത്യയുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. ഒരു പാര്‍ട്ടി കുടുംബ കമ്പനിപോലെ പ്രവര്‍ത്തിക്കുക, മറ്റാര്‍ക്കും പ്രസിഡന്റ് ആകാന്‍ കഴിയാതെ വരിക, അത് തെറ്റാണ്. നിങ്ങളുടേത് പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ ഇത്തരം രാഷ്ട്രീയ കുടുംബങ്ങളെ പുറത്തുകൊണ്ടുവരണം.” എന്നാണ് മോദി പറഞ്ഞത്.

2014ല്‍ അധികാരത്തിലെത്തിയതിനുശേഷം ചുരുക്കം ചില മാധ്യമങ്ങളുമായി മാത്രമാണ് പ്രധാനമന്ത്രി അഭിമുഖത്തിന് തയ്യാറായത്. ഇത് രണ്ടാംതവണയാണ് റിപ്പബ്ലിക് ടി.വിക്ക് മോദി അഭിമുഖം നല്‍കുന്നത്. പലപ്പോഴും ഈ അഭിമുഖങ്ങള്‍ മോദി സര്‍ക്കാറിനെ പുകഴ്ത്താനുള്ള പി.ആര്‍ വര്‍ക്ക് മാത്രമായി ചുരുങ്ങിയെന്ന വിമര്‍ശനവും നേരിട്ടിരുന്നു.

We use cookies to give you the best possible experience. Learn more