ബീജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിക്ക് മുമ്പാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി വീണ്ടും ചൈന സന്ദര്‍ശിക്കുന്നത്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലാണെന്ന് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു. അതിര്‍ത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം, സമാധാനവും സ്ഥിരതയുമുള്ള അന്തരീക്ഷമാണ്.
അതിര്‍ത്തി നിയന്ത്രണം സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും പ്രത്യേക പ്രതിനിധികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുളള വിമാന സര്‍വീസ് പുനരാരംഭിക്കും. പരസ്പര വിശ്വാസവും ബഹുമാനവും സംവേദനക്ഷമതയുമാണ് ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ അടിസ്ഥാനം.
ഇന്ത്യയിലെയും ചൈനയിലെയും 280 കോടി ജനങ്ങളുടെ ക്ഷേമം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ഇത് മനുഷ്യരാശിയുടെ ആകെ ക്ഷേമത്തിന് കാരണമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ചൈനയും ലോകത്തിലെ രണ്ട് പ്രധാന രാജ്യങ്ങളാണെന്നും സുഹൃത്തുക്കളാവുക എന്നത് ആത്യന്താപേക്ഷിതമാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.
‘ലോകം പരിണമിക്കുകയാണ്. ഇന്ത്യയും ചൈനയും പുരോഗതി കൈവരിച്ച രണ്ട് രാജ്യങ്ങളാണ്. കൂടാതെ, ഇരു രാജ്യങ്ങളും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളവരുമാണ്. ഗ്ലോബല്‍ സൗത്തിന്റെ ഭാഗവുമായിരുന്നു. ഒരു നല്ല അയല്‍ക്കാരനും ഒരു സുഹൃത്തുമാവേണ്ടത് ആത്യന്താപേക്ഷിതമാണ്,’ ഷി ജിന്‍പിങ് പറഞ്ഞു.
അതേസമയം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുന്നതിന്റെ പേരില്‍ അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50% അധിക തീരുവ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രാബല്യത്തില്‍ വന്നിരുന്നു.
Content Highlight: Narendra Modi meets China President Shi Jinping and says India – China relation is in right direction