| Sunday, 26th July 2015, 4:52 pm

വാഹനാപകടങ്ങളില്‍പെടുന്നവര്‍ക്ക് സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കും: പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റോഡ് ട്രാന്‍സ്‌പോര്‍ട്ട്് ആന്‍ഡ് സേഫ്റ്റി ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും റോഡപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.  ഇന്ന് രാവിലെ നടത്തിയ മന്‍ കി ബാത്ത് പ്രതിമാസ റേഡിയോ പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റോഡ് സുരക്ഷയുടെ വിവിധ വശങ്ങള്‍ കാര്യമായെടുക്കുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സേഫ്റ്റി ബില്‍ ഞങ്ങള്‍ ഉടന്‍ കൊണ്ടുവരും. റോഡപകടങ്ങളില്‍പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയെന്നത് മറ്റൊരു പ്രധാന പദ്ധതിയാണെന്നും മോദി പറഞ്ഞു.

റോഡ് സുരക്ഷയെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ രക്ഷിതാക്കളോട് മോദി ആവശ്യപ്പെട്ടു. ഒരോ മിനിറ്റിലും വാഹനാപകടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഓരോ നാല് മിനിറ്റിലും വാഹനാപകടങ്ങളില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരില്‍ നിന്നും എന്നതിനുപരി ഇത് ഒരോ കുടംബത്തിന്റേയും ഉത്തരവാദിത്വമാണ്. റോഡ് സുരക്ഷയെ കുറിച്ച് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് ബോധവല്‍കരണം നല്‍കേണ്ടതുണ്ട്. മോദി പറഞ്ഞു.

ഗുര്‍ഗാവ്, ജയ്പുര്‍, വഡോദര, മുംബൈ, തുടങ്ങിയ നഗരങ്ങളിലാവും സൗജന്യ ചികിത്സാ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. അപകടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി 1033 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തും.

We use cookies to give you the best possible experience. Learn more