| Wednesday, 13th August 2025, 8:55 am

വ്യാപാര പ്രശ്‌നങ്ങള്‍ക്കിടെ മോദി അമേരിക്കയിലേക്ക്; ട്രംപുമായി ചര്‍ച്ചകള്‍ നടക്കും; റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ (യു.എന്‍.ജി.എ) പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. വ്യാപാരബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നേക്കും.

ട്രംപിന് പുറമേ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

യു.എന്‍.ജി.എ ഉച്ചകോടി സെപ്റ്റബംറില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ച് നടക്കും. സെപ്റ്റംബര്‍ 23 മുതല്‍ ആഗോള നേതാക്കള്‍ എത്തിത്തുടങ്ങും. കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായാല്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ട്രംപ് മോദി കൂടിക്കാഴ്ചയായിരിക്കും ഇത്.

ഇന്ത്യയോടുള്ള ട്രംപിന്റെ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ അമേരിക്ക സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്ക് അധിക തീരുവ ചുമത്തിയത്. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറാത്ത സാഹചര്യത്തിലായിരുന്നു അമേരിക്കയുടെ തീരുമാനം. നിലവില്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫാണ് ചുമത്തിയിരുന്നത്. ഇതിനെപുറമേയാണ് 25 ശതമാനം കൂടി അധിക തീരുവ ചുമത്തിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.

ഇന്ത്യക്ക് മേലുള്ള 25 ശതമാനം തീരുവ ഓഗസ്റ്റ് ഒമ്പതിന് പ്രാബല്യത്തില്‍ വരാനിരിക്കെയായിരുന്നു ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയത്.

അധിക തീരുവ ചുമത്തിയ യു.എസിന്റെ നടപടി ദൗര്‍ഭാഗ്യകരമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. തീരുമാനം പക്ഷപാതപരവും നീതീകരിക്കാനാകാത്തതെന്നും ഇന്ത്യ പറഞ്ഞു. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

അതേസമയം, ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്നതിനുള്ള തീരുമാനം 90 ദിവസത്തേക്ക് കൂടി നീട്ടുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിലും ട്രംപ് ഒപ്പുവെച്ചിരുന്നു.

ഉടമ്പടി നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നത് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്.

Content Highlight: Narendra Modi likely to visit U.S

We use cookies to give you the best possible experience. Learn more