ന്യൂദല്‍ഹി: 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്നും ജാതി വിവേചനമില്ലാത്ത ഇന്ത്യയാണ് സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ രാജ്യത്തിന്റെ പൂര്‍വികര്‍ പരമമായ ത്യാഗം ചെയ്തുവെന്നും അത് അംഗീകരിക്കേണ്ടത് പൗരന്മാരുടെ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട ഓപ്പറേഷന്‍ സിന്ദൂരിലൂടെ കണ്ടത് ഇന്ത്യയുടെ സ്വയം പര്യാപ്തതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികള്‍ക്ക് സൈന്യം നല്‍കിയത് തക്കതായ മറുപടിയാണെന്നും ഭീകരവാദികളെയും ഭീകരവാദികളെ സഹായിക്കുന്നവരെയും ഒന്നായി കാണുമെന്നും മോദി വ്യക്തമാക്കി.
സിന്ധു നദീജല കരാറില്‍ ഇനിയൊരു പുനരാലോചനയില്ലെന്നും സിന്ധു നദിയിലെ വെള്ളം രാജ്യത്തെ കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണെന്നും പ്രധാനമന്ത്രി സംസാരിച്ചു. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആണവായുധം കാണിച്ച് ഇന്ത്യയെ പേടിപ്പിക്കേണ്ടെന്ന് പ്രധാനമന്ത്രി പാകിസ്ഥാന് മറുപടിയും നല്‍കി.
ഇന്ത്യക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ ആയുധ സംവിധാനം രൂപപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യ മിഷന്‍ സുദര്‍ശന്‍ ചക്ര ആരംഭിക്കും. 2035 ആകുമ്പോള്‍ രാജ്യം മുഴുവനായും സുരക്ഷാ കവചത്താല്‍ മൂടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നക്‌സലിസത്തിന് പേരുകേട്ട പ്രദേശങ്ങളിപ്പോള്‍ ലോകോത്തര കായികതാരങ്ങളെ സൃഷ്ടിക്കുകയാണെന്നും നക്‌സലിസത്തിന്റെ ചുവപ്പ് ഇടനാഴികളെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ പച്ച ഇടനാഴികളായി മാറിയെന്നും പരാമര്‍ശമുണ്ട്.
ഇന്ത്യന്‍ നിര്‍മിത ചിപ്പുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി. ആണവോര്‍ജ രംഗത്ത് വലിയ പുരോഗതിയാണ് രാജ്യം കൈവരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 100ാം വാര്‍ഷികത്തില്‍ ആണവോര്‍ജ രംഗത്ത് പത്ത് മടങ്ങ് വര്‍ധനയിലേക്ക് ഇന്ത്യയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ നാരീശക്തികളെ കുറിച്ചും മോദി പരാമര്‍ശിച്ചു. ദാക്ഷായണി വേലായുധനെ അനുസ്മരിച്ച മോദി ശ്യാമപ്രസാദ് മുഖര്‍ജി ജീവന്‍ ത്യജിച്ചത് രാജ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു.
രാജ്യത്തെ സ്ത്രീകള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ലോകം മുഴുവന്‍ ആവശ്യക്കാറുണ്ടെന്നും രാജ്യം ഡോളറിനെയും പൗഡിനെയും ആശ്രയിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള പരോക്ഷ മറുപടിയെന്നോണമാണ് മോദിയുടെ പരാമര്‍ശം.
കര്‍ഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താന്‍ ഒരു മതില്‍ പോലെ നില്‍ക്കുമെന്നും മോദി വ്യക്തമാക്കി. ലോകവിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദീപാവലി സമ്മാനമായി ജി.എസ്.ടി കുറയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.എസ്.എസിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍.ജി.ഒയാണ് ആര്‍.എസ്.എസെന്നും 100ാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ആര്‍.എസ്.എസിന്റെ ഇത്രയും കാലത്തെ സേവനം വിലമതിക്കാനാകാത്തതാണെന്നും മോദി പറഞ്ഞു.
Content Highlight: PM Narendra modi independence day speech in red fort