| Saturday, 2nd August 2025, 3:08 pm

യു.പിയിൽ റോക്കറ്റ് നിർമിക്കുന്നുണ്ട്; ബ്രഹ്മോസ് എന്ന പേര് പാകിസ്ഥാന്റെ ഉറക്കംവരെ കെടുത്തും: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും ഇന്ത്യയുടെ തദ്ദേശീയ ആയുധ സംവിധാനങ്ങൾ ഉപയോഗിച്ച് തിരിച്ചടി നൽകുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (ശനി) വാരണാസിയിൽ നടന്നൊരു പരിപാടിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.

‘ബ്രഹ്മോസ് മിസൈലുകൾ ഇനി ലഖ്‌നൗവിൽ നിർമിക്കും. പാകിസ്ഥാൻ വീണ്ടും എന്തെങ്കിലും തെറ്റ് ചെയ്താൽ യു.പിയിൽ നിർമിച്ച മിസൈലുകൾ തീവ്രവാദികളെ നശിപ്പിക്കും,’ മോദി പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങളുടെ കഴിവുകൾ ലോകം കണ്ടുവെന്നും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയവയും പ്രത്യേകിച്ച് ബ്രഹ്മോസ് മിസൈലുകൾ ‘ആത്മനിർഭർ ഭാരത്’തിന്റെ ശക്തി തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്മോസ് എന്ന പേര് കേൾക്കുന്നതുപോലും പാകിസ്ഥാനെ ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുമെന്നും മോദി ഊന്നിപ്പറഞ്ഞു. ‘പല പ്രമുഖ പ്രതിരോധ സ്ഥാപനങ്ങളും യു.പിയിൽ അവരുടെ നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. ഇന്ത്യയിൽ നിർമിച്ച ആയുധങ്ങൾ ഉടൻ തന്നെ നമ്മുടെ സേനയുടെ ശക്തിയായി മാറും,’ അദ്ദേഹം പറഞ്ഞു.

ദേശീയ ഐക്യത്തിന്റെയും സാമ്പത്തിക സ്വാശ്രയത്വത്തിന്റെയും ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി. ആഗോള അസ്ഥിരതയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും രാജ്യങ്ങൾ അവരുടെ സ്വന്തം താത്പര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്നുവെന്നും അതുകൊണ്ട് തന്നെ സാമ്പത്തികമായ കാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ രാജ്യത്തിന് എന്താണോ നല്ലത് അതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു. ‘രാജ്യത്തിന് ഏറ്റവും നല്ലത് വരണമെന്ന് ആഗ്രഹിക്കുന്നവരും, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി കാണാൻ ആഗ്രഹിക്കുന്നവരും, അത് ഏത് രാഷ്ട്രീയ പാർട്ടിയായാലും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ‘സ്വദേശി’ ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് തീരുമാനം എടുക്കണം,’ അദ്ദേഹം പറയുന്നു.

ഇന്ത്യക്കാർ നിർമിക്കുന്ന ഉത്പന്നങ്ങളും വസ്തുക്കളും മാത്രമേ വാങ്ങുകയും ഉപയോഗിക്കുകയും ഉള്ളുവെന്ന് എല്ലാവരും തീരുമാനിക്കണമെന്നും പ്രാദേശിക ഉത്പന്നങ്ങളുടെ വളർച്ചക്കായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ 25 ശതമാനം തീരുവ ചുമത്തിയത്. ഇതിന് പിറകെയാണ് സ്വദേശി ഉത്പന്നങ്ങളുടെ നിർമാണവും ഉപയോഗവും പ്രോത്സാഹിക്കുന്ന തരത്തിലുള്ള നരേന്ദ്രമോദിയുടെ പ്രസ്താവന.

Content Highlight: Narendra Modi has warned Pakistan that any terror attack in the region will be retaliated using India’s indigenous weapons systems

We use cookies to give you the best possible experience. Learn more