| Tuesday, 26th April 2016, 8:26 am

തിയ്യേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കും മുമ്പ് നരേന്ദ്രമോദിയുടെ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇനി മുതല്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പേരിനു മുമ്പിലും പി.എം എന്ന പേരോ ദേശീയ നേതാക്കളുടെ പേരോ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനായി ഒരു കൂട്ടം മന്ത്രിമാര്‍ മുന്നോട്ടുവെച്ച ശുപാര്‍ശയിലാണ് ഇക്കാര്യം പറയുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

അതുപോലെ നരേന്ദ്രമോദിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഹ്രസ്വ സിനിമകള്‍ തയ്യാറാക്കുകയും ഇത് എല്ലാ തിയ്യേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായി കാണിച്ചിരിക്കണമെന്ന് നിര്‍ദേശിക്കണമെന്നും ശുപാര്‍ശയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയിലായിരുന്നു മന്ത്രിമാരുടെ സംഘം യോഗം ചേര്‍ന്നത്. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി പഴയതും പുതിയതും തമ്മിലുള്ള വ്യത്യാസം കാട്ടുന്ന ഹാസ്യ ആനിമേഷന്‍ ക്ലിപ്പുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കാനും യോഗം ശുപാര്‍ശ ചെയ്തു.

റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റുനിര്‍ദേശങ്ങള്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ കേന്ദ്രമന്ത്രിമാരുടെയോ എം.പിമാരുടെയോ സാന്നിധ്യത്തിലേ ഉദ്ഘാടനം ചെയ്യാവൂ. കേന്ദ്ര പദ്ധതികളുടെ ക്രഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തടയാനാണിത്.

പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എം.പിമാര്‍ക്ക് ഭരണഘടനാപരമായ അധികാരം നല്‍കണം.

ഇത്തരം പദ്ധതികള്‍ക്കുവേണ്ടി തയ്യാറാക്കുന്ന കമ്മിറ്റിയുടെ തലവനായിരിക്കാന്‍ എം.പിയെ അനുവദിക്കുക. നിലവില്‍ ജില്ലാ മജിസ്‌ട്രേറ്റോ പോലീസ് സൂപ്രണ്ടോ ആണ് തലപ്പത്ത്.

ആഴ്ചയില്‍ കേന്ദ്രമന്ത്രിമാരുടെ രണ്ടു അഭിമുഖങ്ങളെങ്കിലും ദൂരദര്‍ശനിലും ഓള്‍ ഇന്ത്യാ റേഡിയോയിലും വരണം.

മാധ്യമങ്ങള്‍ക്ക് എക്‌സ്‌ക്ലൂസീവ് ന്യൂസ് നല്‍കുക. അതായത് കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം പ്രധാനപ്പെട്ട വാര്‍ത്തകള്‍ നല്‍കുക. അവരത് എക്‌സ്‌ക്ലൂസീവ് സ്റ്റോറികളായാണ് അവതരിപ്പിക്കുക. ഇത്തരം വാര്‍ത്തകള്‍ക്ക് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കാനാവുമെന്ന് കണ്ടാണിത്.

We use cookies to give you the best possible experience. Learn more