| Wednesday, 6th August 2025, 8:40 pm

ഏഴ് വര്‍ഷത്തിന് ശേഷം ചൈന സന്ദര്‍ശിക്കാന്‍ മോദി? റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന. ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)യുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായിരിക്കും മോദി ചൈന സന്ദര്‍ശിക്കുക. ഓഗസ്റ്റ് അവസാനത്തോടെ മോദിയുടെ ചൈനീസ് സന്ദര്‍ശനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ കനത്ത ഏറ്റമുട്ടല്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകുകയായിരുന്നു. എസ്.സി.ഒ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി 2018ലാണ് അവസാനമായി മോദി ചൈന സന്ദര്‍ശിച്ചത്.

നിലവില്‍ പരസ്പരമുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ഒരുപോലെ ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുമെന്ന വിവരം പുറത്തുവരുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഓഗസ്റ്റ് 29ന് മോദി ജപ്പാന്‍ സന്ദര്‍ശിക്കും. അവിടെനിന്ന് ഓഗസ്റ്റ് 31ന് ചൈനയിലെ ടിയാന്‍ജിനിലേക്ക് പോകാനാണ് സാധ്യത.

എന്നാല്‍ മോദിയുടെ ചൈനീസ് സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം എസ്.സി.ഒ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസത്തിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ചൈന സന്ദര്‍ശിച്ചിരുന്നു.

2024 ഒക്ടോബര്‍ 23ന് റഷ്യയിലെ കസാനില്‍ വെച്ച് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എസ്.സി.ഒ ഉച്ചകോടിയില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുമോ എന്നതില്‍ വ്യക്തതയില്ല. ഇതിനുപുറമെ എസ്.സി.ഒ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ കൈലാഷ് തീര്‍ത്ഥാടനം പുനരാരംഭിക്കുന്നത് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന കാരണമായെന്ന് ചൈനീസ് അംബാസഡര്‍ സു ഫെയ്ഹോങ് ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കാനും തീരുമാനിച്ചിരുന്നു.

ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയിലും ഷാങ്ഹായ്, ഗ്വാങ്ഷൂ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലും മുന്‍കൂട്ടി അപ്പോയ്മെന്റ് എടുത്ത ശേഷം വിസ നേടാനാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.

2020ലെ എട്ടുമുറ്റലില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും നൂറുകണക്കിന് ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും യാത്രാ മാര്‍ഗങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.

അതേസമയം 2022ല്‍ ചൈന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പിന്നീട് ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കും വിസ അപേക്ഷകള്‍ പുനരാരംഭിച്ചിരുന്നു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഏകദേശം 85,000 വിസകള്‍ ചൈന അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Modi to visit China after seven years? Report

We use cookies to give you the best possible experience. Learn more