തിരുവനന്തപുരം: ന്യൂയോര്‍ക്കിന്റെ പുതിയ മേയറായ സൊഹ്‌റാന്‍ മംദാനിയെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നത് നരേന്ദ്ര മോദി തനിക്ക് ഇഷ്ടമില്ലാത്തവരെ അര്‍ബന്‍ നക്‌സലെന്ന് വിളിക്കുന്നതുപോലെ കരുതിയാല്‍ മതിയെന്ന് സി.പി.ഐ.എം. നേതാവ് തോമസ് ഐസക്ക്. മംദാനി വലിയ മോദി വിമര്‍ശകനാണെന്നും നെതന്യാഹുവിനെപ്പോലെ മോദി ഒരു യുദ്ധക്കുറ്റവാളിയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞുവെന്നും തോമസ് ഐസക് പറഞ്ഞു.
ന്യൂയോര്‍ക്കില്‍ ട്രംപിന് ലഭിച്ചതുപോലൊരു തിരിച്ചടി ബീഹാറില്‍ മോദിക്ക് ലഭിക്കുമോയെന്നുള്ളതാണ് ഇനി കാണാനിരിക്കുന്നതെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ സൊഹ്റാന്‍ മംദാനിയെ അഭിനന്ദിച്ച് കുറിച്ച ഫേസ്ബുക് പോസ്റ്റിലാണ് മുന്‍ ധനമന്ത്രിയുടെ പരാമര്‍ശം.
2024 നവംബര്‍ മാസത്തില്‍ ഒരു ശതമാനം പിന്തുണ മാത്രമുണ്ടായിരുന്ന ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിലെ മാംദാനിയുടെ വിജയം കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് 60 ശതമാനം വളര്‍ച്ച അദ്ദേഹം നേടി. ശതകോടീശ്വരന്മാരുടെ ആരുടെയും പിന്തുണയില്ലാതെയാണ് മംദാനി ഈ നേട്ടം കൊയ്തത്.
നിലവിലുണ്ടായിരുന്ന ഡെമോക്രാറ്റിക് മേയറുടെ അഴിമതിയെ മംദാനി തുറന്ന് എതിര്‍ത്തു. സാധാരണക്കാര്‍ക്ക് വേണ്ടി ജനപ്രിയ അജണ്ട മുന്നോട്ടുവച്ചു. യുവജനങ്ങളുമായി സംവദിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചെന്നും ട്രംപിനെതിരെ നിലപാടെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മംദാനി ട്രംപിനെതിരെ നിശിതമായ നിലപാടെടുത്തു. ട്രംപും ഒട്ടും വിട്ടുകൊടുത്തില്ല. മംദാനി വിജയിച്ചാല്‍ ന്യുയോര്‍ക്കിനുള്ള ധനസഹായങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നുവരെ പ്രഖ്യാപിച്ചു. അതുകൊണ്ട് മംദാനിയുടെ വിജയം ട്രംപിന് വ്യക്തിപരമായ തിരിച്ചടിയാണ്,’ തോമസ് ഐസക് പറഞ്ഞു.
ട്രംപ് ഭ്രാന്തന്‍ കമ്മ്യൂണിസ്റ്റ് എന്നാണ് സൊഹ്‌റാന്‍ മംദാനിയെ വിളിക്കുന്നത്. അത് തനിക്ക് ഇഷ്ടമില്ലാത്തവരെയൊക്കെ മോദി അര്‍ബന്‍ നക്‌സല്‍ എന്നു വിളിക്കുന്നതുപോലെ കരുതിയാല്‍ മതിയാകും. ബര്‍ണി സാന്റേഴ്‌സിനെപ്പോലെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് നിലപാട് സ്വീകരിക്കുന്ന ഒരു നേതാവാണ് മംദാനി.
ഇന്ത്യയില്‍ അദാനിയേയും മറ്റും പോലെ അമേരിക്കയില്‍ ട്രംപിനു കീഴില്‍ ഒരു മറവുമില്ലാതെ ശതകോടീശ്വരന്മാര്‍ അധികാരം കൈയാളുകയാണ്. ഈ പശ്ചാത്തലത്തിലാണ് മംദാനിയുടെ ഒരു ശതമാനം സമ്പന്നര്‍ക്കെതിരായ മുദ്രാവാക്യത്തിനു കാറ്റുപിടിച്ചത്. മംദാനിയുടെ ജനപ്രിയ വാഗ്ധാനങ്ങള്‍ വീട്ടുവാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസ്, പൊതു ന്യായവില കടകള്‍ എന്നിവയായിരുന്നു. ട്രംപിന്റെ വംശീയ വാദത്തിനെതിരെ ആഫ്രിക്കന്‍, ഏഷ്യന്‍ കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി മംദാനി നിലപാടെടുത്തു.
ഇന്ന് വിജയത്തിനുശേഷം സാന്റേഴ്‌സ് പറഞ്ഞതുപോലെ 2024 നവംബര്‍ മാസത്തില്‍ ഒരു ശതമാനം പിന്തുണ മാത്രമാണ് മംദാനിക്ക് ഉണ്ടായിരുന്നത്. അവിടെ നിന്നും ഒരു വര്‍ഷംകൊണ്ട് 60 ശതമാനത്തിലേക്കുള്ള വളര്‍ച്ച കണ്ണഞ്ചിപ്പിക്കുന്നതാണ്. ശതകോടീശ്വരന്മാരുടെ ആരുടെയും പിന്തുണയില്ലാതെയാണ് മംദാനി ഈ നേട്ടം കൊയ്തത്.
നിലവിലുണ്ടായിരുന്ന ഡെമോക്രാറ്റിക് മേയറുടെ അഴിമതിയെ മംദാനി തുറന്ന് എതിര്‍ത്തു. സാധാരണക്കാരുടെ വര്‍ദ്ധിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് മുന്നില്‍ ജനപ്രിയ അജണ്ട മുന്നോട്ടുവച്ചു. യുവജനങ്ങളോടു സംവദിക്കുന്നതിന് സോഷ്യല്‍ മീഡയയെ ഫലപ്രദമായി ഉപയോഗിച്ചു. ട്രംപിനെതിരെ നിശിതമായ നിലപാടെടുത്തു. ട്രംപും ഒട്ടും വിട്ടുകൊടുത്തില്ല. മംദാനി വിജയിച്ചാല്‍ ന്യുയോര്‍ക്കിനുള്ള ധനസഹായങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നുവരെ പ്രഖ്യാപിച്ചു.
അതുകൊണ്ട് മംദാനിയുടെ വിജയം ട്രംപിന് വ്യക്തിപരമായ തിരിച്ചടിയാണ്. ന്യുയോര്‍ക്കിലെ മേയര്‍ മാത്രമല്ല, പിക്‌സ്ബര്‍ഗിലെയും ബോസ്റ്റണിലെയും ചിഞ്ചിനാറ്റിലെയും മേയര്‍ തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് കക്ഷികളാണ് വിജയിച്ചത്. ഇതിനു പുറമേ വെര്‍ജീനിയ, ന്യൂജേഴ്‌സി ഗവര്‍ണര്‍ സ്ഥാനങ്ങളും ഡെമോക്രാറ്റിക് കക്ഷികള്‍ നേടി. പൊതുജനാഭിപ്രായം ട്രംപിനെതിരായിട്ട് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണിത്. ട്രംപിന്റെ തീരുവ യുദ്ധം സെല്‍ഫ് ഗോളായി മാറിക്കൊണ്ടിരിക്കുകയാണ്. വളര്‍ച്ച കുറയുന്നു, തൊഴിലില്ലായ്മ കൂടുന്നു, വിലക്കയറ്റം തലപൊക്കുന്നു.
വംശീയതയും ദേശീയതയും സംയോജിപ്പിച്ചുള്ള ട്രംപിന്റെ ഭരണം പ്രതിരോധിക്കാനാകുമെന്ന് മംദാനി തെളിയിച്ചിരിക്കുകയാണ്. മംദാനിയില്‍ നിന്ന് പാഠം പഠിക്കാനാണ് ബര്‍ണി സാന്റേഴ്‌സ് ഡെമോക്രാറ്റിക് പാര്‍ട്ടിയോട് പറയുന്നത്.
മംദാനി വലിയ മോദി വിമര്‍ശകനാണ്. നെതന്യാഹുവിനെപ്പോലെ മോദി ഒരു യുദ്ധക്കുറ്റവാളിയാണെന്ന് മംദാനി തുറന്നുപറഞ്ഞു. ഗുജറാത്തിലെ മുസ്ലിം വംശഹത്യയെ ഓര്‍മ്മിപ്പിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ പരേഡിലെ ഫ്‌ലോട്ടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നു.
ന്യുയോര്‍ക്കില്‍ ട്രംപിന് ലഭിച്ചതുപോലൊരു തിരിച്ചടി ബീഹാറില്‍ മോദിക്ക് ലഭിക്കുമോയെന്നുള്ളതാണ് ഇനി കാണാനിരിക്കുന്നത്.
Content Highlight: It remains to be seen whether Modi will face a setback in Bihar like Trump did in New York: Thomas Isaac