| Monday, 12th May 2025, 11:06 pm

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പാകിസ്ഥാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് പരാമര്‍ശിക്കാന്‍ പോലും തയ്യാറായില്ല: എം.എ. ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം ദേശീയ സെകട്ടറി എം.എ.ബേബി.

അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചോ അവരുടെ കുടുംബങ്ങളെക്കുറിച്ചോ പരാമര്‍ശിക്കാന്‍ പോലും തന്റെ വാചാടോപരമായ പ്രസംഗത്തില്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയില്ലെന്ന് എം.എ. ബേബി പറഞ്ഞു. എക്സിലൂടെയാണ് എം.എ. ബേബി പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്.

വിദ്വേഷ പ്രചരണത്തെ അപലപിക്കുന്നതിലും സര്‍ക്കാരിന്റെ ശബ്ദമാണെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയെ പരാമര്‍ശിക്കുന്നതിലും പ്രധാനമന്ത്രി പരാജയപ്പെട്ടതായും എം.എ. ബേബി പറഞ്ഞു.

ജനാധിപത്യം ഒരു വണ്‍വേ ട്രാഫിക് അല്ല. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഉള്ളടക്കത്തെ കുറിച്ചുള്ള പാര്‍ലമെന്റിലെ ഘടനാപരമായ ചര്‍ച്ചയ്ക്ക് പകരമാകാന്‍ ഈ പ്രസംഗത്തിന് കഴിയില്ലെന്നും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് ഇപ്പോഴും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സൈന്യത്തിന്റെ വിജയം രാജ്യത്തെ അമ്മമ്മാര്‍ക്കും സഹോദരിമാര്‍ക്കും പെണ്മക്കള്‍ക്കും സമര്‍പ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. സൈന്യം പ്രകടിപ്പിച്ചത് അസാമാന്യമായ ധൈര്യമാണെന്നും രാജ്യത്തിന്റെ ശക്തിയും ശൗര്യവും ലോകം കണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

സൈന്യത്തിന്റെ വിജയത്തിന് കാരണമായത് രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കണ്ടത് രാജ്യത്തിന്റെ ക്ഷമയാണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ എന്നത് വെറും പേരല്ല, അത് ജനങ്ങളുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാനില്‍ സ്വാതന്ത്ര്യത്തോട് കൂടി വിഹാരം നടത്തിയിരുന്ന ഭീകരരെയാണ് ഇന്ത്യന്‍ സേനകള്‍ ആക്രമിച്ചതെന്നും പാകിസ്ഥാന്‍ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ ഒന്നുമല്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

വ്യാപാരം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി ചര്‍ച്ചയുണ്ടാകില്ലെന്നും ഭീകരവാദമാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തിരുന്നു. സൈനിക നടപടി താത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ഇനിയുള്ള നടപടി ഭാവിയിലെ പെരുമാറ്റത്തിന് അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം എം.എ. ബേബി ചൂണ്ടിക്കാട്ടിയത് പോലെ 20 മിനിട്ടോളം നീണ്ടുനിന്ന പ്രസംഗത്തില്‍ പാകിസ്ഥാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നില്ല.

നിലവില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം എന്നിവയില്‍ വിശദീകരണം തേടാന്‍ സി.പി.ഐ.എം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Narendr Modi who addressed the nation, did not even mention those killed in Pakistan’s attack: M.A. Baby

We use cookies to give you the best possible experience. Learn more