കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ് നായകവേഷത്തിലെത്തുന്ന സിനിമയില്‍ നരേന്‍, വിനീത്, അശോകന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നരേന്‍.
‘ദിന്‍ജിത്തിന്റെയും ബാഹുലിന്റെയും സിനിമയായതുകൊണ്ട് സിനിമ ചെയ്യണോ വേണ്ടയോ എന്നുള്ള ചോദ്യത്തിന് അപ്പോള്‍ തന്നെ ഉത്തരം കിട്ടി കഴിഞ്ഞു. എന്റെ കഥാപാത്രമെന്താണെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് അയച്ചു തരാമെന്ന് പറഞ്ഞപ്പോള്‍ സന്തോഷമായി. തിരക്കഥ വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.
കിഷ്‌കിന്ധാ കാണ്ഡത്തിന്റെ എഴുത്തിന്റെ ഘടന തന്നെ വളരെ വ്്യത്യസ്തമാണ്. വളരെ റേയറായ ഒന്നാണ്. അങ്ങനെയൊരു എഴുത്തുക്കാരന്റെ തിരക്കഥ വായിക്കാന്‍ ഒരു താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ഒരു പ്രൊസസ് വളരെ നന്നായി ആസ്വദിച്ചു,’ നരേന്‍ പറയുന്നു.
സിനിമയിലെ ഒരോ കഥാപാത്രങ്ങളും വളരെ ഇമോഷണലി ഡെപ്തുള്ള കഥാപാത്രങ്ങളാണെന്നും അതുപോലെ സിനിമയുടെ കഥ മിസ്റ്റീരിയസാണെന്നും നരേന്‍ പറഞ്ഞു. താന്‍ അവതരിപ്പിച്ച കഥാപാത്രത്തിനെക്കാളും സന്ദീപും വിനീതുമൊക്കെ ചെയ്ത റോളുകളാണ് തനിക്ക് വെല്ലുവിളിയായി തോന്നിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയില്‍ ഉള്ള ഒരു എഴുത്തല്ല ബാഹുലിന്റേതെന്നും പറഞ്ഞിരിക്കുന്ന കാര്യത്തില്‍ നിന്ന് ഒരു ചെറിയ മോഡുലേഷനോ മറ്റോ സംഭവിച്ചാല്‍ പെര്‍ഫോം ചെയ്യുന്ന ആളുടെ സ്വഭാവം തന്നെ മാറി പോകുമെന്നും നരേന്‍ കൂട്ടിച്ചേര്‍ത്തു. അത് പഠിച്ച് പറയുക എന്നത് വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സിനിമയുടേതായി മുമ്പ് ഇറങ്ങിയ ടീസറും പോസ്റ്ററും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പടക്കളം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനാകനായെത്തുന്ന സിനിമയെന്ന പ്രത്യേകതയും എക്കോയ്ക്ക് ഉണ്ട്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിക്കുന്നത്. കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്.
Content highlight: Naren talks about upcoming film eko