അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് നരേന്‍. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് തമിഴിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
തമിഴില്‍ ഏറെ ആരാധകരുള്ള ഫിലിം യൂണിവേഴ്‌സായ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന കൈതി, വിക്രം, തുടങ്ങിയ ചിത്രങ്ങളില്‍ നരേന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബിജോയ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ മീഡിയ വണ്‍ ഷോമാളിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷിനെ കുറിച്ചും വിക്രം സിനിമയെ കുറിച്ചും സംസാരിക്കുകയാണ് നരേന്‍.
‘കമല്‍ സാറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു വിക്രം. അതിന്റെ ഒരു ഭയങ്കരമായ പ്രതീക്ഷയും കാത്തിരിപ്പുമുണ്ടായിരുന്നു, പ്രത്യേകിച്ച് ലോകേഷ് സംവിധാനം ചെയ്യുന്നു എന്നൊരു പ്രത്യേകതയും,’ നരേന്‍ പറയുന്നു.
ഇത്രയും കാലം താനാണ് കമല്‍ ഹാസന്റെ ഏറ്റവും വലിയ ഫാനെന്നാണ് താന്‍ വിചാരിച്ചതെന്നും എന്നാല്‍ ലോകേഷിനെ കണ്ടപ്പോള്‍ മനസിലായി അദ്ദേഹമാണ് തന്നേക്കാള്‍ വലിയ ഫാനെന്നും നടന്‍ പറഞ്ഞു.
‘കൈതിയുടെ ഡബ്ബിങ്ങ് സമയത്താണ് ഞങ്ങള്‍ അറിയുന്നത് ഞങ്ങള്‍ കമല്‍ സാറിന്റെ ആരാധകരാണെന്നുള്ളത്. കൈതിയില്‍ ഒരു തമാശ പറയാന്‍ പോലുമുള്ള അവസരം ലോകേഷിന് ഉണ്ടായിരുന്നില്ല. എനിക്കും കാര്‍ത്തിക്കിനുമൊക്കെ സമയം ഉണ്ടായിരുന്നു. വിക്രമിലും അത്രതന്നെ ജസ്റ്റിസ് ലോകേഷ് നല്‍കിയിട്ടുണ്ട്. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’ നരേന്‍ പറയുന്നു.
വിക്രം
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഈ സിനിമ.
Content Highlight: Naren is talking about Lokesh and the Vikram movie