തമിഴില്‍ ഏറെ ആരാധകരുള്ള ഫിലിം യൂണിവേഴ്സാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ എല്‍.സി.യു. കൈതിയില്‍ തുടങ്ങിയ ഈ യൂണിവേഴ്സ് വിക്രം, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ തുടരുന്നു. ലോകേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൂലി എന്നാല്‍ എല്‍.സി.യുവില്‍ ഉള്‍പ്പെടുന്നില്ല.
എന്തായിരിക്കും, എങ്ങനെയായിരിക്കും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കമെന്ന് ചിന്തിക്കാത്ത ആരാധകരുണ്ടാകില്ല. ഇതിന് ഉത്തരമായി ലോകേഷ് ഒരുക്കുന്ന ഷോര്‍ട്ട് ഫിലിമാണ് ‘പിള്ളൈയാര്‍ സുഴി (ആരംഭം)’. എല്‍.സി.യുവിന്റെ തുടക്കം കാണിക്കുന്ന ഷോര്‍ട്ട് ഫിലിമിന് പത്ത് മിനിട്ടാണ് ദൈര്‍ഘ്യം. അര്‍ജുന്‍ ദാസ്, നരേന്‍, കാളിദാസ് ജയറാം എന്നിവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ഒ.ടി.ടിയിലൂടെയോ യൂട്യൂബിലൂടെയോ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.
ഇപ്പോള്‍ പിള്ളൈയാര്‍ സുഴിയുടെ ലൊക്കേഷന്‍ അനുഭവം പങ്കുവെക്കുകയാണ് നടന്‍ നരേന്‍. ഒരു സിനിമയുടെ സെറ്റ് പോലെയായിരുന്നു ആ ഷോര്‍ട്ട് ഫിലിമിന്റെ സെറ്റ് എന്ന് നരേന്‍ പറയുന്നു. മലയാളത്തില്‍ ഒരു ചെറിയ സിനിമ ചെയ്യാനുള്ള ബഡ്ജറ്റിലാണ് പിള്ളൈയാര്‍ സുഴി എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നരേന്‍.
‘വലിയ സീറ്റും അഞ്ചാറ് കാരവാനും ഒക്കെ ഉണ്ടായിരുന്നു. വലിയ സംഭവം ആയിരുന്നു. ഞാന്‍ വന്ന് കയറിയത് ഒരു ഷോര്‍ട്ട് ഫിലിമിന്റെ സെറ്റിലേക്ക് തന്നെയാണോ എന്ന് നിമിഷം അതിശയിച്ചു. അത്രയും വലിയ സ്‌കെയിലിലായിരുന്നു ഓരോ കാര്യവും അവിടെ ചെയ്തിരുന്നത്,’ നരേന്‍ പറയുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫറായ അന്‍മ്പറിവാണ് പിള്ളൈയാര്‍ സുഴിക്ക് വേണ്ടി സംഘട്ടനം ഒരുക്കുന്നത്. പാന്‍ ഇന്ത്യന്‍ സെന്‍സേഷനായ അനിരുദ്ധാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പിള്ളൈയാര്‍ സുഴിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതൊരു ഷോര്‍ട്ട് ഫിലിം തന്നെയാണോ എന്ന് തനിക്കൊരു നിമിഷം തോന്നിപോയെന്നും നരേന്‍ പറഞ്ഞു.
Content Highlight: Narein Talks About Lokesh Kanagaraj Short Film Pillaiyar Suzhi