| Sunday, 14th December 2025, 3:52 pm

ഞാന്‍ ആദ്യമായി ലിപ്‌സിങ്കില്‍ പാടിയ ഗാനം; അന്ന് ലാല്‍ സാറിന് അതറിയില്ലായിരുന്നു: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്മേറ്റ്സ്. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവന്‍ തുടങ്ങി വന്‍താര നിര അണിനിരന്ന ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു.

ചിത്രത്തോട് ഒപ്പം തന്നെ ഹിറ്റായിരുന്നു ചിത്രത്തിലെ ഗാനങ്ങളും. അങ്ങനെ ഹിറ്റായി മാറിയ ഗാനമായിരുന്നു അലക്‌സ് പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ച് വിനീത് ശ്രീനിവാസന്‍ ആലപിച്ച എന്റെ ഖല്‍ബിലെ. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ഗാനത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നരേന്‍.

‘വളരെ നൊസ്റ്റാള്‍ജിക്കായ ഒരു അനുഭവം തന്ന പാട്ടായിരുന്നു എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ എന്ന ഗാനം. എന്റെ ആളിനെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി സ്റ്റേജില്‍ നിന്ന് പാടുന്ന ഗാനം എന്ന ഫീലൊക്കെ തന്ന പാട്ടായിരുന്നു എന്റെ ഖല്‍ബിലെ. പല ഘടകങ്ങളും ആ പാട്ട് മനോഹരമായി പെര്‍ഫോം ചെയ്യാന്‍ എന്നെ സഹായിച്ചിട്ടുണ്ടാകും. ഞാന്‍ ആദ്യമായി ലിപ്‌സിങ്കില്‍ പാടിയ പാട്ടുകൂടിയായിരുന്നു അത്,’ നരേന്‍ പറയുന്നു.

താന്‍ ഇതിന് മുമ്പ് ലിപ്‌സിങ്കില്‍ പാടിയിട്ടുണ്ടെന്നാണ് ലാല്‍ ജോസ് വിചാരിച്ചതെന്നും ആ പാട്ടിന്റെ ആദ്യ സ്വീകന്‍സ് ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ഇത് എങ്ങനെയുണ്ടാകുമെന്ന് അറിയാനുള്ള ആകാംക്ഷ തനിക്കും ഉണ്ടായിരുന്നുവെന്നും നരേന്‍ പറഞ്ഞു.

‘ക്യാമറമാന്‍ രാജീവവേട്ടനാണ് ആദ്യം എന്റെയടുത്ത് ഇത് അടിപൊളിയാണെന്ന് പറഞ്ഞത്. ഈ പാട്ട് ഒരു ഓളമുണ്ടാക്കുമെന്ന രീതിയില്‍ എന്നോട് പറഞ്ഞത്. രാജീവ് രവിയെ ഒരു ക്രിയേറ്റര്‍ എന്ന രീതിയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ഇഷ്ടമാണ്. അദ്ദേഹം അങ്ങനെ എന്തെങ്കിലും പറയുമ്പോള്‍ നല്ല ആത്മവിശ്വാസമാണ്,’ നരേന്‍ പറയുന്നു.

അതേസമയം എക്കോയാണ് നരേന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്ദേവ, ബിയാന മോമിന്‍, വിനീത് തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.

Content Highlight: Narein about the song from the movie Classmates

We use cookies to give you the best possible experience. Learn more