| Tuesday, 29th July 2025, 11:01 pm

നാരായണീന്റെ മൂന്നാണ്മക്കൾ: സിനിമ ഒ.ടി.ടിയിൽ വന്നശേഷം ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടു: ഗാർഗി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷോർട് ഫിലിമുകളിലൂടെയും നാടകങ്ങളിലൂടെയും സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഗാർഗി അനന്തൻ. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രശംസ നേടിയ റൺ കല്യാണിയിലൂടെയാണ് ഗാർഗി സിനിമാലോകത്തേക്കെത്തിയത്.

കഴിഞ്ഞവർഷത്തെ മികച്ച സിനിമകളിലൊന്നായ നാരായണീന്റെ മൂന്നാണ്മക്കളിലും ഗാർഗി ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിലെ ആതിര എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സിനിമ ഒ.ടി.ടിയിൽ വന്ന ശേഷം ഒരുപാട് പേർക്ക് പടം ഇഷ്ടപ്പെട്ടുവെന്ന് ഗാർകി പറയുന്നു.

സിനിമ ഒ.ടി.ടിയിൽ വന്നശേഷം ഒരുപാട് പേർ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിളിച്ചിരുന്നുവെന്നും കഥാപാത്രങ്ങൾ അംഗീകരിക്കപ്പെടുന്നത് വലിയ സന്തോഷമാണെന്നും ഗാർഗി പറഞ്ഞു.

നാരായണീന്റെ മൂന്നാണ്മക്കൾ സിനിമയുടെ സംവിധായകൻ ശരൺ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം പോലെ എന്നൊരു ഷോർട്ട് ഫിലിമിൽ താൻ നേരത്തെ അഭിനയിച്ചിരുന്നുവെന്നും രണ്ടരവർഷം മുമ്പാണ് നാരായണീന്റെ മൂന്നാണ്മക്കൾ സിനിമയെക്കുറിച്ച് ശരൺ സംസാരിച്ചതെന്നും ഗാർഗി കൂട്ടിച്ചേർത്തു.

‘കഥയുടെ ബേസിക്ക് കാര്യങ്ങളൊക്കെയാണ് അന്ന് പറഞ്ഞിരുന്നതെന്നാണ് ഓർമ്മ. തിരക്കഥ വായിച്ചശേഷം എന്റെ മനസിൽ വന്ന കുറച്ച് ഇമേജുകൾ ശരണിന്റെയടുത്തും പങ്കുവച്ചു’ ഗാർഗി പറഞ്ഞു.

നാരായണീന്റെ മൂന്നാണ്മക്കൾ  എന്ന സിനിമയിൽ സിങ്ക് സൗണ്ടായിരുന്നു ഉപയോഗിച്ചതെന്നും ഷൂട്ടിന് മുമ്പ് തന്നെ തങ്ങൾ സീനുകൾ റിഹേഴ്‌സൽ ചെയ്തിട്ടുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.

സിങ്ക് സൗണ്ട് ആയതിനാൽ ഡയലോഗുകൾ കൃത്യമായി പോകണമെന്നും തന്നെ സംബന്ധിച്ചിടത്തോളം സിങ്ക് സൗണ്ട് നല്ല കാര്യമാണെന്നും അവർ പറഞ്ഞു.

കാരണം കഥാപാത്രത്തിനായുള്ള നമ്മുടെ റിഹേഴ്‌സലും ഒരുക്കവുമെല്ലാം സിങ്ക് സൗണ്ടാണെങ്കിൽ നന്നായി പ്രതിഫലിക്കുമെന്നും ഗാർഗി പറയുന്നു.

നാരായണീൻ്റെ മൂന്നാണ്മക്കൾ

നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനം ചെയ്‌ത ചിത്രമാണ് നാരായണീൻറെ മൂന്നാൺമക്കൾ. സിനിമ തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിലും ഒ.ടി.ടിയിൽ എത്തിയതിന് ശേഷം വലിയ രീതിയിൽ ചർച്ചയായിരുന്നു. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇത്. ഗുഡ് വിൽ എന്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചത്. സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ, സജിത മഠത്തിൽ, തോമസ്, ഗാർഗി എന്നിവരാണ് പ്രധാനകഥാപാത്രത്തിനെ അവതരിപ്പിച്ചത്.

Content Highlight: Narayaneente Moonnanmakkal: Many people liked the movie after it came out on OTT: saysGarggi

We use cookies to give you the best possible experience. Learn more