| Sunday, 7th September 2025, 2:18 pm

നാരായണഗുരു ഭൂമിയിലെത്തിയത് ശ്രീകൃഷ്ണന്റെ അവതാരത്തെ പോലെ; ശിവഗിരിയിൽ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വര്‍ക്കല: ശ്രീനാരായണഗുരു ശ്രീകൃഷ്ണന്റെ അവതാരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നാരായണഗുരുവിന്റെ സമാധി തനിക്കൊരു ആത്മീയ കേന്ദ്രമാണെന്നും താന്‍ അവിടെ പുഷ്പാര്‍ച്ചന നടത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശിവഗിരി മഠത്തില്‍ നടന്ന ശ്രീനാരായണഗുരു ജയന്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശ്രീനാരായണഗുരു ശ്രീകൃഷ്ണ അവതാരം തന്നെ. ശ്രീകൃഷ്ണനെ പോലെയാണ് നാരായണഗുരുവും ഭൂമിയിലെത്തിയത് ,’ ഗവര്‍ണര്‍ പരാമര്‍ശിച്ചത് ഇങ്ങനെ.

എന്ത് ചെയ്യണമെന്ന് അറിയാതെ സംശയപ്പെട്ട് നില്‍ക്കുന്ന ചില സാഹചര്യങ്ങളില്‍ നാരായണഗുരു നമുക്ക് വഴി കാട്ടിയിട്ടുണ്ട്. നമ്മെ നയിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ തനിക്ക് ഓര്‍മ വരുന്നത് മഹാഭാരതമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

കുരുക്ഷേത്ര യുദ്ധം നടന്നപ്പോള്‍ അര്‍ജുനന് ചെറിയ സംശയങ്ങളും ആകുലതകളും ഉണ്ടായി. എന്നാല്‍ ആ സമയം ശ്രീകൃഷ്ണനാണ് അര്‍ജുനന് വഴി കാട്ടിയത്. എന്താണ് തെറ്റ്, എന്താണ് ശരി എന്ന് ചൂണ്ടിക്കാട്ടി.

എന്താണ് ‘കര്‍മ’ എന്ന് പറഞ്ഞുകൊടുത്തു. ഏത് വഴി പോകണമെന്നും എന്ത് പിന്തുടരണമെന്നും പറഞ്ഞുകൊടുത്തു. ധര്‍മത്തെ പിന്തുടരണമെന്ന് ചൂണ്ടിക്കാട്ടി. അര്‍ജുനന്റെ എല്ലാ സംശയങ്ങള്‍ക്കും ശ്രീകൃഷ്ണന്‍ പരിഹാരം കണ്ടുവെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു.

നിങ്ങൾക്ക് ഒരു സംശയമുണ്ടാകുമ്പോള്‍, തന്നെ ആവശ്യമുള്ള ചില സാഹചര്യങ്ങളില്‍ താന്‍ ഭൂമിയിലുണ്ടാകുമെന്നാണ് ശ്രീകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. താന്‍ നിങ്ങളെ നയിക്കുമെന്നും. അതുകൊണ്ട് തന്നെ ചില സന്ദര്‍ഭങ്ങളില്‍ നാം ശ്രീകൃഷ്ണനെ പ്രതീക്ഷിക്കും.

അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് മഹാനായ നാരായണഗുരു ഭൂമിയില്‍ അവതരിച്ചതെന്നും അതും മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ പോലെയെന്നും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുണ്ടെന്നും ഗവര്‍ണര്‍ പ്രസംഗിച്ചു.

Content Highlight: Narayana Guru came to earth like an incarnation of Lord Krishna: Governor

We use cookies to give you the best possible experience. Learn more