| Friday, 6th July 2012, 9:00 am

ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ റാവു പൂജയില്‍: വെളിപ്പെടുത്തലുമായി കുല്‍ദീപ് നയ്യാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബ്റി മസ്ജിദ് തര്‍ക്കുന്നതിന് അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു മൗനാനുവാദമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി മറ്റൊരു പുസ്തകം കൂടി. കര്‍സേവര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നരസിംഹ റാവു പൂജയിലായിരുന്നെന്നും മസ്ജിദ് പൂര്‍ണമായി തകര്‍ക്കപ്പെട്ടതിന് ശേഷമാണ് അദ്ദേഹം എഴുന്നേറ്റതുമെന്നാണ് വെളിപ്പെടുത്തല്‍.

കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പൂജയ്ക്കിരുന്നു. മസ്ജിദിന്റെ അവസാന കല്ലും  തകര്‍ക്കപ്പെട്ടശേഷമാണ് അവിടെ നിന്ന് എഴുന്നേറ്റത്.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരാണ് റാവുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയായ “ബിയോണ്ട് ദ ലൈന്‍സ്”” എന്ന പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. റോലി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും.

” മസ്ജിദ് തകര്‍ക്കുന്നത് റാവു കണ്ടില്ലെന്ന് നടിക്കുകയാണ്  ചെയ്തതെന്നാണ് എനിക്ക് കിട്ടിയ വിവരം. കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം പൂജയ്ക്കിരുന്നു. മസ്ജിദിന്റെ അവസാന കല്ലും  തകര്‍ക്കപ്പെട്ടശേഷമാണ് അവിടെ നിന്ന് എഴുന്നേറ്റത്. ” കുല്‍ദീപ് നയ്യാര്‍ പറയുന്നു.

” മസ്ജിദ് പൂര്‍ണമായും തകര്‍ത്തുവെന്ന് റാവുവിന്റെ സഹായി പൂജയ്ക്കിടെ അദ്ദേഹത്തിന്റെ ചെവിയില്‍ പറഞ്ഞതായി മധു ലിമയി (അന്തരിച്ച സോഷ്യലിസ്റ്റ്  നേതാവ്)  പിന്നീട് എന്നോട് പറഞ്ഞിരുന്നു. ഇത് പറഞ്ഞ് സെക്കറ്റുകള്‍ക്കുള്ളില്‍ പൂജ അവസാനിപ്പിച്ചു.” നരസിംഹ റാവുവിന്റെ സര്‍ക്കാര്‍” എന്ന അധ്യായത്തില്‍ കുല്‍ദീപ് വെളിപ്പെടുത്തുന്നു.

“മസ്ജിദ് തകര്‍ക്കപ്പെട്ടതിലല്ല കോണ്‍ഗ്രസ് നേതൃത്വം തിളച്ചുമറിഞ്ഞത്, മറിച്ച് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളായിരുന്നു അതിന് കാരണം. സോണിയാ ഗാന്ധിയ്ക്ക്  റാവുവിനെ ഇഷ്ടമായിരുന്നില്ല. പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും  നേതൃസ്ഥാനത്ത് റാവുവായതിനാല്‍. ” അദ്ദേഹം വ്യക്തമാക്കി.

അതേസമയം കുല്‍ദീപ് നയ്യാര്‍ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമില്ലെന്ന് റാവുവിന്റെ മകന്‍ പി.വി രംഗറാവു പറഞ്ഞു. വെളിപ്പെടുത്തല്‍ അവിശ്വസനീയമാണ്, യുക്തിരഹിതവും. മുസ്‌ലീംകളെ ഒരുപാട് സ്‌നേഹിച്ചിരുന്നു തന്റെ പിതാവ്. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ അദ്ദേഹം എത്ര വേദനിച്ചിരുന്നു എന്ന് തനിക്കറിയാം എന്നും രംഗറാവു കൂട്ടിച്ചേര്‍ത്തു.

ബാബറി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് റാവുവിനെ താന്‍ അറിയിച്ചിരുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

We use cookies to give you the best possible experience. Learn more