| Wednesday, 13th August 2025, 8:40 pm

നിന്റെ ഈ മുഖം എന്റെ സിനിമക്ക് ശരിയാകില്ല എന്നായിരുന്നു ആ സംവിധായകന്‍ എന്നോട് പറഞ്ഞത്: നരേന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫോര്‍ ദി പീപ്പിളിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് നരേന്‍. കരിയറിന്റെ തുടക്കത്തില്‍ സുനില്‍ എന്ന പേരിലറിയപ്പെട്ട താരം പിന്നീട് നരേന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നരേന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. താരം പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം സാഹസം തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്.

തമിഴില്‍ നരേന്റെ ആദ്യ ചിത്രമായിരുന്നു ചിത്തിരം പേസുതെടീ. മിഷ്‌കിന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ തമിഴില്‍ അരങ്ങേറിയ നരേനെത്തേടി മികച്ച അവസരങ്ങള്‍ വരികയും ചെയ്തു. ചിത്രത്തിന്റെ ഓഡിഷന് വേണ്ടി സംവിധായകന്‍ മിഷ്‌കിനെ കാണാന്‍ പോയ അനുഭവം പങ്കുവെക്കുകയാണ് നരേന്‍. ആദ്യമായി മിഷ്‌കിനെ കണ്ട അനുഭവം ഒരിക്കലും മറക്കില്ലെന്ന് നരേന്‍ പറഞ്ഞു.

‘നിന്റെ ഈ മുഖം എന്റെ സിനിമക്ക് ശരിയാകില്ല’ എന്നായിരുന്നു മിഷ്‌കിന്‍ ആദ്യം തന്നെ എന്നോട് പറഞ്ഞത്. ‘എന്റെ ഹീറോ കുറച്ച് റഗ്ഗഡായിട്ടുള്ള ഒരാളാണ്. അങ്ങനെയുള്ള മുഖമാണ് എന്റെ നായകന് വേണ്ടത്. നിങ്ങളുടെ ഈ സോഫ്റ്റ് മുഖം എന്റെ സിനിമക്ക് തീരെ ചേരില്ല’ എന്നായിരുന്നു മിഷ്‌കിന്‍ പറഞ്ഞത്. എനിക്ക് അത് കേട്ട് എന്തോ പോലെയായി.

അച്ചുവിന്റെ അമ്മ ചെയ്ത് കഴിഞ്ഞ് ഞാന്‍ നേരെ മിഷ്‌കിന്റെ അടുത്തേക്ക് പോയതായിരുന്നു. ആ സിനിമക്ക് വേണ്ടി ക്ലീന്‍ ഷേവ് ചെയ്തത് പിന്നെ മാറ്റിയില്ല. വളരെ സോഫ്റ്റായിട്ടുള്ള മുഖമായിരുന്നു ആ സമയത്ത്. താടി വളര്‍ത്തിയിട്ട് വരാമെന്ന് മിഷ്‌കിനോട് പറഞ്ഞു. ‘അതൊന്നും ശരിയാകില്ല. നിങ്ങള്‍ ഈ സിനിമക്ക് ശരിയാകില്ല’ എന്ന് അയാള്‍ തറപ്പിച്ച് പറഞ്ഞു.

രണ്ട് മൂന്നാഴ്ച ഞാന്‍ ചെന്നൈയില്‍ തന്നെ നിന്നു. താടിയൊക്കെ വളര്‍ത്തി പുള്ളി ആദ്യം പറഞ്ഞതുപോലെ റഗ്ഗഡായിട്ട്, കണ്ടാല്‍ തന്നെ തല്ലാന്‍ തോന്നുന്ന തരത്തില്‍ ഒരു റൗഡി ലുക്ക് ആക്കി. അപ്പോഴും പടത്തിന്റെ ഷൂട്ടൊന്നും തുടങ്ങിയില്ല. ഞാന്‍ നേരെ മിഷ്‌കിന്റെ അടുത്തേക്ക് പോയി. പുള്ളി ആരോടോ സംസാരിച്ച് നില്‍ക്കുകയായിരുന്നു. എന്നെ കണ്ടിട്ട് മനസിലായില്ല. ഞാന്‍ സുനിലാണെന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തിന് ആളെ പിടി കിട്ടിയില്ല. ഞാനാണെന്നറിഞ്ഞപ്പോള്‍ ഞെട്ടി,’ നരേന്‍ പറയുന്നു.

2006ല്‍ തമിഴിലെ സര്‍പ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു ചിത്തിരം പേസുതെടീ. ബി ക്ലാസ് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത ചിത്രം ആദ്യ വാരം പലയിടത്തും വാഷൗട്ടാവുകയായിരുന്നു. പിന്നീട് അതേ തിയേറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്ത ചിത്രം എ ക്ലാസ് തിയേറ്ററുകളിലേക്കും വ്യാപിച്ചു. നരേന്റെ തമിഴിലെ തുടക്കം തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Content Highlight: Narain shares the memories o first meeting with Mysskin

We use cookies to give you the best possible experience. Learn more