ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ബൊലോഗ്‌നയെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് നാപോളി. എതിരില്ലാത്ത രണ്ട് ഗോളിനാണ് കലാശപ്പോരില്‍ ടീമിന്റെ വിജയം. ബ്രസീലിയന്‍ താരം ഡേവിഡ് നരേസിന്റെ കരുത്തിലാണ് ടീം ദി ബ്ലൂസ് തങ്ങളുടെ മൂന്നാം ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് നാപോളി ടൂര്‍ണമെന്റില്‍ വീണ്ടും ജേതാക്കളായത്. ഇതിന് മുമ്പ് രണ്ട് തവണ നാപോളി ഈ കനക കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഇത് 1990, 2014 എന്നീ വര്‍ഷങ്ങളിലായിരുന്നു. അതിന് ശേഷം ഏറെ കാത്തിരുന്നിട്ടും മറ്റൊരു കപ്പ് എന്ന മോഹം ഫലം കാണാതെ തുടര്‍ന്നു.
ഇറ്റാലിയൻ സൂപ്പർ കപ്പുമായി നാപോളി താരങ്ങൾ. Photo: Oficial SSC Napoli/ x.com
എന്നാലിപ്പോള്‍ 11 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നാപോളി വീണ്ടും ഈ കിരീടത്തില്‍ മുത്തമിട്ടിരിക്കുന്നു. ആ വിജയമാകട്ടെ ഏറ്റവും ആധികാരിമായി തന്നെ നേടിയെടുത്തുമാണ്.
അതേസമയം, മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരു ടീമിലെയും താരങ്ങളും മുന്നേറ്റങ്ങളുമായി കുതിച്ചു. എന്നാല്‍, അവയൊന്നും ഗോളായില്ല. അതോടെ ആദ്യ പകുതിയുടെ ഏറിയ പങ്കും സമനിലയില്‍ മുന്നേറി.
എന്നാല്‍, ബൊലോഗ്‌നയെ ഞെട്ടിച്ച് നാപോളി പന്ത് വലയിലെത്തിച്ചു. ഡേവിഡ് നരേസാണ് ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. 39ാം മിനിട്ടില്‍ ഒരു ലോങ്ങ് റെയ്ഞ്ചറിലൂടെയായിരുന്നു എതിരാളികളുടെ നെഞ്ച് കലക്കിയ ഗോള്‍.
ഗോൾ നേട്ടം ആഘോഷിക്കുന്ന ഡേവിഡ് നരേസ്. Photo: Oficial SSC Napoli/ x.com
ഏറെ വൈകാതെ നാപോളിയുടെ ഒരു ഗോള്‍ ലീഡോടെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതി തുടക്കത്തില്‍ തന്നെ ദി ബ്ലൂസ് തങ്ങളുടെ ലീഡ് ഉയര്‍ത്തി. നരേസിന്റെ വകയായിരുന്നു ടീമിന്റെ രണ്ടാം ഗോളും. 57ാം മിനിറ്റിലായിരുന്ന ഈ ഗോള്‍ പിറന്നത്.
ശേഷിക്കുന്ന സമയങ്ങളില്‍ ഇരു ടീമുകളും ഗോള്‍ നേടാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വലയിലെത്തിയില്ല. ഒടുവില്‍ നാപോളിയെ ജേതാക്കളായി ഉറക്കെ പ്രഖ്യാപിച്ച് ഫൈനല്‍ വിസിലെത്തി. അതോടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് മറ്റൊരു കപ്പ് കൂടി നാപോളി തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു.
Content Highlight: Napoli lifted Supercoppa Italiana after 11 years with Brazilian player David Neres’ double goal