| Sunday, 16th August 2026, 12:58 pm

ഇങ്ങനെ സംസാരിച്ചാൽ ആളുകളെ തല്ലുന്ന പോലെ തോന്നും എന്ന് മമ്മി പറയാറുണ്ട്, പണ്ട് കൽപ്പന ചേച്ചിയും ആ കാര്യത്തിൽ ഉപദേശിച്ചിട്ടുണ്ട്: അനന്യ

നന്ദന. ടി

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലെ ശ്രദ്ധേയ താരമാണ് അനന്യ. 2008-ൽ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. മോഹൻലാലിനൊപ്പം അഭിനയിച്ച ശിക്കാർ അനന്യയ്ക്ക് വലിയ ശ്രദ്ധ നേടികൊടുത്തു. തുടർന്ന് ഇതു നമ്മുടെ കഥ, സീനിയേഴ്സ്, കുഞ്ഞളിയൻ, നാടോടി മന്നൻ, അപ്പൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മനോരമ മാക്‌സിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതവിശേഷങ്ങൾ പങ്കുവെക്കുകയാണ് അനന്യ.

ജീവിതത്തിൽ ചുറ്റുമുള്ള ആളുകളെ തൃപ്തിപ്പെടുത്തുന്ന പ്രകൃതക്കാരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി.

അനന്യ. Photo. X.com

‘ഈയടുത്ത കാലത്തായി ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല. എങ്കിലും എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണെങ്കിൽ അതിനോട് ഞാൻ നോ പറയാറുണ്ട്. അന്നും ഇന്നും അതങ്ങനെ തന്നെയാണ്. കാരണം എന്റെ ഭാഗത്തുനിന്ന് വളരെ പെട്ടെന്ന് ഉണ്ടാകുന്ന ഒരു പ്രതികരണമാണത്. എന്റെ മമ്മി എപ്പോഴും എന്നോട് പറയാറുണ്ട്, നിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങൾ കേൾക്കുമ്പോൾ ആളുകൾക്ക് അവരെ തല്ലുന്നതുപോലെ തോന്നും, അതുകൊണ്ട് അങ്ങനെ പറയരുത് എന്ന്,’ അനന്യ പറഞ്ഞു.

പെട്ടെന്ന് കാര്യങ്ങളോട് പ്രതികരിക്കുന്ന തന്റെ സ്വഭാവരീതിയെക്കുറിച്ച് നടി കൽപ്പന നൽകിയ ഉപദേശവും അനന്യ ഓർത്തെടുത്തു.

‘എന്നെ കാണുമ്പോൾ ഞാൻ കാര്യങ്ങളോട് ഇത്ര പെട്ടെന്ന് പ്രതികരിക്കുന്ന ആളാണെന്ന് തോന്നില്ല എന്നാണ് പലരും പറഞ്ഞ് കേട്ടിട്ടുള്ളത്. പണ്ട് കൽപ്പന ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, നീ കുറച്ചുകൂടി സോഫ്റ്റ് ആയിട്ടൊക്കെ സംസാരിക്കണം, കാര്യങ്ങളിൽ പെട്ടെന്ന് കയറി റിയാക്ട് ചെയ്യരുത് എന്ന്. ജീവിതത്തിൽ ഇന്നും ചില കാര്യങ്ങളൊക്കെ നടക്കുമ്പോൾ ചേച്ചി പണ്ട് പറഞ്ഞ ആ കാര്യം ഞാൻ ഓർക്കാറുണ്ട്,’ നടി വ്യക്തമാക്കി.

താൻ ഒരു പീപ്പിൾ പ്ലീസർ അല്ലെങ്കിലും തനിക്ക് പ്രിയപ്പെട്ട ആളുകൾക്ക് വേണ്ടി എപ്പോഴും നിലകൊള്ളാറുണ്ടെന്നും എന്നാൽ അതിലും കൃത്യമായ പരിധികൾ വെക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അനന്യ കൂട്ടിച്ചേർത്തു.

‘പീപ്പിൾ പ്ലീസർ അല്ലെങ്കിലും എനിക്ക് അത്രയും ഇഷ്ടമുള്ള ആളുകൾക്ക് വേണ്ടി ഞാൻ കൂടെ നിൽക്കും. ഒരു പരിധിവരെ അവർക്ക് പ്രാധാന്യം നൽകാറുമുണ്ട്. എന്നാൽ ആ ലിമിറ്റ് കഴിഞ്ഞാൽ ഹലോ… മതി എന്ന് വ്യക്തമാകും. എങ്കിലും എപ്പോഴും ആളുകളോട് ചിരിച്ചു സംസാരിച്ചു നിൽക്കുന്ന എന്നെയാണ് ഞാൻ അധികവും കണ്ടിട്ടുള്ളത്, പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിൽ,’ അനന്യ പറഞ്ഞു.

അനന്യ. Photo. X.com

Content Highlight: Ananya talks about her habit of responding quickly and the advice actress Kalpana gave her about it

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more