| Thursday, 6th August 2026, 8:38 pm

ടൈയര്‍ വണ്ണിലേക്കെത്താന്‍ ഇത്രയധികം വയലന്‍സ് വേണോ?; നാനിയുടെ പാരഡൈസ് ടീസര്‍ പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

തെലുങ്ക് സിനിമയിലെ അണ്ടര്‍റേറ്റഡ് നായകനടനെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സംവിധായകന്റെ തന്നെ ഈഗയിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാകുകയും ചെയ്ത താരം. 2019ല്‍ പുറത്തിറങ്ങിയ ജേഴ്‌സിയും പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. എന്നാല്‍ തെലുങ്കില്‍ അല്ലു അര്‍ജുനും രാം ചരണും മഹേഷ് ബാബുവും വാഴുന്ന മുന്‍നിരയിലേക്ക് താരത്തിനിന്നും കയറിപ്പറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

Photo: Screen Grab/ Teaser/ SLV Cinemas

ഇതിന് ഒരു അവസാനമാകുമെന്ന് പലരും വിലയിരുത്തുന്ന ചിത്രമാണ് വരാനിരിക്കുന്ന ദി പാരഡൈസ്. ശ്രീകാന്ത് ഒഡേല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പാരഡൈിന്റെ ടീസറാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചര്‍ച്ചാ വിഷയം. അനിരുദ്ധിന്റെ സംഗീത സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തിലെ ആയാ ഷേര്‍ എന്ന ഗാനം പുറത്തുവന്നതുമുതല്‍ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഒന്നര മിനുട്ട് നീളുന്ന ടീസറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

റൂറല്‍ ക്രൈം-ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന പാരഡൈസിലെ പല വിഷ്വലുകളും കന്നട ചിത്രം കെ.എജി.എഫിനെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടീസറില്‍ പല സ്ഥലങ്ങളിലും ആവശ്യത്തിലധികം വയലന്‍സുണ്ടെന്നും ചോരയുടെ അതിപ്രസരമുണ്ടെന്നുമാണ് ടീസറിന് പിന്നാലെ സിനിമാ പേജുകളില്‍ ഉയരുന്ന അഭിപ്രായം. കണ്ടുമടുത്ത സ്ഥിരം ഗ്യാങസ്റ്റര്‍ രക്ഷകന്‍ സ്റ്റൈലില്‍ തന്നെയാണോ പാരഡൈസ് ഒരുക്കിയിരിക്കുന്നതെന്ന് പലരും ചോദിക്കുന്നു. അങ്ങനെയെങ്കില്‍ പാരഡൈസിന് പരാജയം നേരിടേണ്ടി വരുമെന്നും പലരും അറിയിക്കുന്നു.

Photo: Screen Grab/ Teaser/ SLV Cinemas

അതേസമയം ചിത്രത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരെയും അഭിപ്രായമറിയിക്കുന്നവരുടെ കൂട്ടത്തില്‍ കാണാം. ടീസറുകള്‍ കണ്ട് വിലയിരുത്തേണ്ടതില്ലെന്നും ചെറിയ ഭാഗങ്ങള്‍ മാത്രം കണ്ട് ഒന്നും പറയാനാകില്ലെന്നും പലരും ഓര്‍മപ്പെടുത്തുന്നു. മികച്ച ആക്ഷന്‍ രംഗങ്ങളും അനിരുദ്ധിന്റെ കമ്പോസിഷനും ചേര്‍ന്നാല്‍ ചിത്രത്തിന് വന്‍ വിജയം സ്വന്തമാക്കാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അടുത്ത മാസം 24നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Nani’s upcoming Movie The Paradise teaser out

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more