| Friday, 8th August 2025, 3:10 pm

മെടഞ്ഞിട്ട മുടിയും മൂക്കുത്തിയും; കിടിലന്‍ ലുക്കില്‍ നാനിയുടെ പാരഡൈസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച നടന്മാരില്‍ ഒരാളായ നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പാരഡൈസ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷന് വേണ്ടിയും കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവര്‍ നടത്തിയാണ് നാനി പ്രത്യക്ഷപ്പെടുന്നത്. മെടഞ്ഞിട്ട മുടിയും മൂക്കുത്തിയും ആഭരണങ്ങളും സണ്‍ഗ്ലാസുകളും ധരിച്ചുള്ള നാനിയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വാളുകളില്‍ ചര്‍ച്ച. ജഡല്‍ എന്ന കഥാപാത്രമായി പാരഡൈസില്‍ നാനി നിറഞ്ഞാടുമെന്ന ഉറപ്പിക്കാവുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളായാ അനിരുദ്ധ് രവിചന്ദറാണ് പാരഡൈസിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഹൈദരാബാദിലും സെക്കന്ദരബാദിലുമായി ഷൂട്ട് തുടരുന്ന
ചിത്രം ആക്ഷന്‍ പീരിയഡ് ഡ്രാമ ജോണറിലാണ് എത്തുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ബംഗാളി, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. അടുത്ത വര്‍ഷം മാര്‍ച്ച് 26ന് ചിത്രം തിയേറ്ററുകളിലെത്തും.

എസ്. എല്‍. വി. സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരിയാണ് ചിത്രം നിര്‍മിക്കുന്നത്. പാരഡൈസില്‍ രാഘവ് ജുറല്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സി. എച്ച്. സായ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Content Highlight: Nani’s Paradise movie first look poster

We use cookies to give you the best possible experience. Learn more