| Friday, 23rd October 2026, 10:55 am

കാന്താരയാകാന്‍ നോക്കി കങ്കുവ പോലെ ട്രോള്‍ മെറ്റീരിയലായി... ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ നാനിയുടെ 'കാക്ക ഡാന്‍സ്' എയറില്‍

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് തെലുങ്ക് ചിത്രം പാരഡൈസ്. നാച്ചുറല്‍ സ്റ്റാര്‍ എന്ന വിളിപ്പേരുള്ള നാനി മാസ് ഹിറോയിലേക്കുള്ള ചുവടുവെപ്പ് നടത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. 100 കോടിക്ക് മുകളില്‍ ചെലവഴിച്ച് ഒരുക്കിയ പാരഡൈസ് ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് കളംവിട്ടത്.

കഴിഞ്ഞദിവസം പാരഡൈസ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് ലഭിച്ച അതേ പ്രതികരണം തന്നെയാണ് ഒ.ടി.ടി റിലീസിന് ശേഷവും പാരഡൈസിന് ലഭിക്കുന്നത്. കണ്ടുമടുത്ത കഥയുടെ മോശം അവതരണമാണ് പാരഡൈസിന്റേതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ഫീല്‍ ഗുഡ്, റോം കോം സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന നാനിക്ക് മാസ് ഹീറോയുടെ ഇമേജ് ചേരുന്നില്ലെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ആക്ഷന്‍ സീന്‍ ഇതിനോടകം ട്രോള്‍ മെറ്റീരിയലായി മാറി. രണ്ടാം പകുതിയില്‍ നായകന്റെ മേലെ ദൈവം കയറി, വില്ലന്മാരെ അടിച്ചിടുന്ന സീനാണ് ട്രോള്‍ മെറ്റീരിയലായത്.

ദൈവത്തിന്റെ മുന്നില്‍ നൃത്തം ചെയ്യുന്ന നായകന്റെ അമ്മയെയും കാക്കകളെപ്പോലെ പറന്നടിക്കുന്ന നായകനെയും ഇടവിട്ട് കാണിക്കുകയാണ് ഈ സീനില്‍. അനിരുദ്ധ് തന്നാലാകും ഈ സീനിനെ മാസാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നാനിയുടെ മോശം പെര്‍ഫോമന്‍സും സംവിധായകന്റെ മോശം മേക്കിങ്ങും തിരിച്ചടിയായെന്ന് പറയാം.

ലിറ്റര്‍ കണക്കിന് ചോരയൊഴുക്കി വയലന്‍സ് കാണിക്കാനുള്ള ശ്രമവും ഒരു ഇംപാക്ടുമുണ്ടാക്കാതെ പോയിട്ടുണ്ട്. കാന്താരയെ അനുകരിക്കാനുള്ള ശ്രമം പാളിയെന്നും കങ്കുവയെപ്പോലെ ട്രോള്‍ മെറ്റീരിയലായി മാറിയെന്നുമാണ് മറ്റ് ചിലരുടെ കമന്റുകള്‍. മാസ് കാണിക്കാന്‍ പറയുമ്പോള്‍ പല്ല് കടിച്ച് പിടിക്കുകയും കണ്ണുരുട്ടി കാണിക്കുകയും ചെയ്യുന്ന നാനി ട്രോളന്മാര്‍ക്ക് ഒരുലോഡ് മീമുകളാണ് ഈ സിനിമയിലൂടെ നല്‍കിയത്.

കെ.ജി.എഫ്, കാന്താര എന്നീ സിനിമകളെപ്പോലെയാകാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട ചിത്രമാണ് പാരഡൈസെന്ന് ഒ.ടി.ടി റിലീസിന് ശേഷം പലരും അഭിപ്രായപ്പെടുന്നു. ഇമോഷണല്‍ കണക്ഷന് വേണ്ടി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്ന സീനുകള്‍ ആവര്‍ത്തിച്ച് കാണിക്കുന്നതും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ ട്രോളുകള്‍ പാരഡൈസിന് ലഭിക്കുമെന്നാണ് സിനിമാപേജുകള്‍ കണക്കുകൂട്ടുന്നത്.

Content Highlight: Nani’s mass fight in Paradise movie getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more