| Saturday, 19th September 2026, 6:00 pm

ഈയൊരു കാര്യത്തില്‍ മറ്റ് ഇന്‍ഡസ്ട്രികള്‍ മലയാളസിനിമയെ കണ്ട് പഠിക്കണം, എനിക്കും അതില്‍ ബഹുമാനം തോന്നാറുണ്ട്: നാനി

അമര്‍നാഥ് എം.

രാജമൗലിയുടെ അസിസ്റ്റന്റായി കരിയറാരംഭിച്ച്, ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ നടനാണ് നാനി. ചെറിയ വേഷങ്ങളിലൂടെ ക്യാമറക്ക് മുന്നിലെത്തിയ നാനിയുടെ കരിയറില്‍ ബ്രേക്ക് ത്രൂവായത് രാജമൗലിയുടെ ഈഗയാണ്. പിന്നീട് മികച്ച സിനിമകളിലൂടെ കോളിവുഡിന്റെ മുന്‍നിരയില്‍ നാനി സ്ഥാനം പിടിച്ചു.

നെപ്പോട്ടിസം കൊടികുത്തി വാഴുന്ന ടോളിവുഡില്‍ നാനിയുടെ വളര്‍ച്ച കൈയടി അര്‍ഹിക്കുന്ന കാര്യമാണ്. ടൈര്‍ 2 നടന്മാരില്‍ ഏറ്റവും കൂടുതല്‍ 100 കോടി ക്ലബ്ബ് ചിത്രങ്ങളുള്ള നടനും നാനിയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദി പാരഡൈസ് റിലീസിന് തയാറെടുക്കുകയാണ്. നാനിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് പാരഡൈസ്.

തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞദിവസം നാനി കേരളത്തിലും എത്തിയിരുന്നു. സിനിമാ പ്രൊമോഷന്റെ ഭാഗമായി പലതവണ കേരളത്തില്‍ വന്നിട്ടുണ്ടെന്നും മലയാള സിനിമ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും താരം പറഞ്ഞു.

‘മലയാള സിനിമകള്‍ പലതും ഞാന്‍ കാണാറുണ്ട്. നല്ല റിപ്പോര്‍ട്ട് ലഭിച്ച പല പടങ്ങളും ഞാന്‍ സമയം കിട്ടുന്നതിനനുസരിച്ച് കണ്ട് തീര്‍ത്തിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകത മലയാള സിനിമക്കുണ്ട്. പല സിനിമകളും വളരെ കുറഞ്ഞ ബജറ്റിലാണ് അവര്‍ എടുക്കുന്നത്. പക്ഷേ അതിന്റെ ക്വാളിറ്റി ഗംഭീരമായിരിക്കും.

കുറഞ്ഞ ബജറ്റില്‍, പറഞ്ഞ സമയത്ത് സിനിമ ചെയ്തു തീര്‍ക്കുന്ന കാര്യത്തില്‍ മോളിവുഡാണ് ടോപ്പില്‍. അങ്ങനെ ഇറങ്ങുന്ന പടങ്ങള്‍ക്ക് അപാര ക്വാളിറ്റിയുമായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ മറ്റ് ഇന്‍ഡസ്ട്രികള്‍ മലയാള സിനിമയെ കണ്ട് പഠിക്കണം. പ്രത്യേകിച്ച് ടൈം മാനേജ്‌മെന്റിന്റെ കാര്യം. എനിക്ക് അക്കാര്യത്തില്‍ അസൂയ കലര്‍ന്ന ബഹുമാനമാണ് മോളിവുഡിനോട്,’ നാനി പറയുന്നു.

ദസറ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ശ്രീകാന്ത് ഒഡേലയുമായി നാനി കൈകോര്‍ക്കുന്ന ചിത്രമാണ് ദി പാരഡൈസ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുതല്‍ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പില്‍ നാനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മോഹന്‍ ബാബു, രാഘവ് ജുയല്‍, കയദു ലോഹര്‍ തുടങ്ങി വലിയ താരനിര അണിനിരക്കുന്നു. സെപ്റ്റംബര്‍ 24ന് പാരഡൈസ് തിയേറ്ററുകളിലെത്തും.

Content Highlight: Nani praising Malayalam cinemas for its quality and making

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more