| Thursday, 3rd July 2025, 1:59 pm

അവര്‍ വിരമിക്കുന്ന നിമിഷം മുതല്‍ ഫുട്‌ബോള്‍ ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല; വിമര്‍ശകരോട് നാനി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം പുതിയ കാലഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചിട്ടും ഹാലണ്ടും എംബാപ്പെയും മുതല്‍ ലാമിന്‍ യമാല്‍ വരെയുള്ള ടാലന്റുകള്‍ ഗ്രൗണ്ടിലെ ഓരോ പുല്‍നാമ്പുകളെയും ത്രസിപ്പിച്ചിട്ടും മെസി, റൊണാള്‍ഡോ എന്നീ പേരുകള്‍ പരാമര്‍ശിക്കപ്പെടാതെ ഒരു ഫുട്‌ബോള്‍ ആരാധകന്റെയും ഒരു ദിവസം കടന്നുപോകാറില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം നേര്‍ക്കുനേര്‍ മത്സരിച്ചാണ് ഇരുവരും ഫുട്‌ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇവരില്‍ മികച്ച താരം ആര് എന്നതായിരുന്നു ഫുട്ബോളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം. മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഇതിഹാസങ്ങള്‍ തന്നെയെന്ന് ഒരുപോലെ അംഗീകരിക്കുന്നവരും കുറവല്ല.

ഇരു താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാനത്തിലേക്ക് അടക്കുകയാണ്. 2026 ലോകകപ്പോടെ ഇരുവരും ബൂട്ടഴിച്ചേക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇപ്പോള്‍ ഇരു താരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം നാനി. ഇരു താരങ്ങളും പിടിയിറങ്ങുമ്പോള്‍ മാത്രമേ അവരുടെ വില അറിയുകയൂള്ളൂ എന്നും നാനി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നാനി ഇക്കാര്യം പറഞ്ഞത്.

‘അവനൊരു (ക്രിസ്റ്റിയാനോ റൊണാള്‍ഡോ) യന്ത്രം പോലെയാണ്, അവന്‍ തീര്‍ത്തും വ്യത്യസ്തനായ ഒരു താരമാണ്. അവന്‍ ഫുട്ബളില്‍ എത്തിച്ചേര്‍ന്ന ഉയരങ്ങള്‍ എത്രത്തോളമാണെന്ന് നമുക്ക് അറിയാവുന്നതാണ്.

എല്ലാവരും മെസിയെയും റൊണാള്‍ഡോയെയും ഒരുപാട് വിമര്‍ശിക്കുന്നുണ്ട്, എന്നാല്‍ അവര്‍ വിരമിക്കുന്ന ദിവസം മുതല്‍ ഫുട്‌ബോള്‍ ഒരിക്കലും പഴയതുപോലെ അയിരിക്കില്ല.

മികച്ച ക്ലബ്ബുകളുടെ റഡാറില്‍ അവര്‍ ഇപ്പോള്‍ ഇല്ല എന്നത് വലിയൊരു വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്. അവര്‍ കളിക്കളത്തിലുള്ളപ്പോള്‍ അവരുടെ മികച്ചത് സ്വന്തമാക്കാന്‍ സാധിക്കേണ്ടതുണ്ട്,’ നാനി പറഞ്ഞു.

ക്ലബ്ബ് വേള്‍ഡ് കപ്പില്‍ മെസിയുടെ ചിറകിലേറി ഇന്റര്‍ മയാമി ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. ഇതോടെ തന്റെ കരിയറില്‍ ഒരിക്കല്‍പ്പോലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന റെക്കോഡ് കൈവിടാതെ കാകാക്കാനും മെസിക്ക് സാധിച്ചു.

ഗ്രൂപ്പ് എ-യില്‍ നിന്നും ബ്രസീല്‍ ക്ലബ്ബ് പാല്‍മീറസിന് കീഴില്‍ രണ്ടാം സ്ഥാനത്തോടെ പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിച്ചെങ്കിലും കരുത്തരായ പി.എസ്.ജിക്ക് മുമ്പില്‍ തോല്‍വി വഴങ്ങി. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്റര്‍ മയാമി പരാജയപ്പെട്ടത്.

അതേസമയം, റൊണാള്‍ഡോ ക്ലബ്ബ് വേള്‍ഡ് കപ്പ് കളിച്ചിരുന്നില്ല. താരത്തിന്റെ ടീമായ അല്‍ നസര്‍ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും മറ്റേതെങ്കിലും ടീമില്‍ ചേര്‍ന്ന് താരം ക്ലബ്ബ് വേള്‍ഡ് കപ്പ് കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ 2026 ലോകകപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി താരം ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും പിന്മാറുകയായിരുന്നു.

Content Highlight: Nani praises Messi and Ronaldo

We use cookies to give you the best possible experience. Learn more