| Thursday, 23rd March 2023, 8:05 pm

ആ റീമേക്കുകള്‍ പരാജയപ്പെട്ടതിന്റെ കാരണമിതാണ്: നാനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സൂപ്പര്‍താരം നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ സിനിമയായ ദസറ റിലീസിനൊരുങ്ങുകയാണ്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ചിത്രം ഒരു പീരീഡ് ആക്ഷന്‍ ഡ്രാമയാണ്. നാനിക്കൊപ്പം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തെലുങ്കില്‍ നിന്നും കന്നഡയില്‍ നിന്നുമെല്ലാം പുറത്തു വന്ന പല പാന്‍ ഇന്ത്യന്‍ ചിത്രങ്ങളും ഗംഭീര വിജയം നേടിയിരുന്നു. എന്നാല്‍ തെലുങ്കില്‍ നിന്ന് ബോളിവുഡിലേക്ക് റീമേക്ക് നടത്തിയ ചിത്രങ്ങള്‍ പലതിനും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളെക്കുറിച്ചും റീമേക്കുകളെ കുറിച്ചുമുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് നാനി. അങ്ങ് വൈകുണ്ഠപുരത്തും ജേഴ്‌സിയും ബോളിവുഡില്‍ വിജയം നേടാതിരുന്നതിനെക്കുറിച്ചാണ് നാനി പറയുന്നത്.

നാനിയുടെ ജേഴ്‌സിയുടെയും അല്ലു അര്‍ജുന്റെ അങ്ങ് വൈകുണ്ഠപുരത്തിന്റെയും റീമേക്കുകള്‍ ബോളിവുഡില്‍ പരാജയം രുചിച്ചിരുന്നു. ജേഴ്‌സി അതേ പേരിലും അങ്ങ് വൈകുണ്ഠപുരത്ത് ഷെഹ്‌സാദ എന്ന പേരിലുമാണ് റീമേക്ക് ചെയ്തത്.

കഥ അറിയാമെന്ന സ്ഥിതിക്ക് പ്രേക്ഷകര്‍ക്ക് പൊതുവെ റീമേക്കുകളോട് താത്പര്യമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് നാനി പറയുന്നത്.

‘ആദ്യ ദിനം തിയേറ്ററില്‍ പോയി ഒരു പുതിയ സിനിമ കാണുന്ന ഫീല്‍ ഇത്തരം റീമേക്കുകള്‍ക്ക് നല്‍കാന്‍ കഴിയില്ല. ഈ സിനിമകളെല്ലാം തന്നെ ഒ.ടി.ടിയിലും യുട്യൂബിലും ലഭ്യമാകുന്നുണ്ട്. അതിനാല്‍ തന്നെ നമുക്ക് പ്രത്യേകിച്ച് എക്‌സൈറ്റ്‌മെന്റ് ഒന്നും തോന്നില്ല’ നാനി പറഞ്ഞു.

ഷാഹിദ് കപൂറായിരുന്നു ജേഴ്‌സിയുടെ ഹിന്ദി റീമേക്കില്‍ നായകനായത്. ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ തന്നെയാണ് റീമേക്ക് ഒരുക്കിയതെന്നും താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെച്ചതെന്നുമാണ് നാനി അഭിപ്രായപ്പെട്ടത്.

മുന്‍ കാലങ്ങളില്‍ പാന്‍ ഇന്ത്യന്‍ സിനിമ എന്ന ഒരു ട്രെന്‍ഡ് ഇല്ലായിരുന്നുവെന്നും അങ്ങനെയാകുമ്പോള്‍ പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ റീമേക്ക് അവകാശം മറ്റ് ഭാഷകളില്‍ വിറ്റു പോകുമായിരുന്നെന്നും നാനി പറഞ്ഞു. അതേ സമയം മൊഴി മാറ്റിയെത്തിയ അല്ലു അര്‍ജുന്‍ ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് മലയാളത്തില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

Content Highlights: Nani explained the reason why the remake films failed

We use cookies to give you the best possible experience. Learn more