വർഷങ്ങളായി മലയാളസിനിമയുടെ ഭാഗമായി നിൽക്കുന്ന നടനാണ് നന്ദു പൊതുവാൾ. വെട്ടം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പരിചിതനായ അദ്ദേഹം ചിത്രത്തില്‍ ട്രെയിന്‍ യാത്രക്കാരനായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ട്രോൾ മീമുകളിലൂടെ നന്ദുവിൻ്റെ പല സീനുകളും ഇന്നും പ്രസക്തമാണ്.
പ്രൊഡക്ഷൻ മാനേജരായി കരിയർ തുടങ്ങിയ നന്ദു പൊതുവാൾ ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായിട്ടുണ്ട്. ജോഷി, പ്രിയദർശൻ എന്നിവരുടെ സിനിമകളിൽ അവിഭാജ്യഘടകമായ നന്ദു പൊതുവാൾ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇന്ത്യൻ 2വിൽ നെടുമുടി വേണുവിൻ്റെ പകരക്കാരനായും വേഷമിട്ടിരുന്നു. ഇപ്പോൾ ശമ്പളത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
സാമ്പത്തികം ഏറ്റവും കുറവ് കിട്ടുന്നത് തങ്ങള്‍ക്കാണെന്നും പ്രശസ്തിയുണ്ടെങ്കിലും ശമ്പളം ലഭിക്കുന്നത് വളരെ കുറവാണെന്നും നന്ദു പൊതുവാള്‍ പറയുന്നു. ചില സമയങ്ങളില്‍ പറഞ്ഞ ശമ്പളം പോലും കിട്ടാറില്ലെന്നും നേരത്തെ എഴുന്നേറ്റ് വൈകി ഉറങ്ങുന്നവര്‍ തങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാമ്പത്തികം ഏറ്റവും കുറവ് കിട്ടുന്നത് ഞങ്ങള്‍ക്കാണ്. പേരും പെരുമയും ഉണ്ടെങ്കിലും പക്ഷെ സാമ്പത്തികം ഏറ്റവും കുറവ് കിട്ടുന്നത് ഞങ്ങള്‍ക്കാണ്. പറഞ്ഞുറപ്പിച്ച ശമ്പളം അല്ലാതെ ഒന്നും കിട്ടില്ല. അതുപോലും ചിലപ്പോള്‍ കിട്ടത്തില്ല. കൊടുക്കുന്നവരും ഉണ്ട്, ഇല്ലാത്തവരും ഉണ്ട്. നേരത്തെ എഴുന്നേല്‍ക്കുന്നവനും വൈകി ഉറങ്ങുന്നവരും നമ്മളാണ്,’ നന്ദു പൊതുവാള്‍ പറയുന്നു.
പല സിനിമകളിലും അഭിനയിച്ച അദ്ദേഹം മോഹൻലാലിൻ്റെ കൂടെ മരുഭൂമിക്കഥ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ക്ലൈമാക്‌സ് സീനില്‍ മോഹന്‍ലാലിനെ പ്രാകുന്നതും അതിന് മോഹന്‍ലാല്‍ ഇടുന്ന റിയാക്ഷനും ഇന്നും സിനിമാ പ്രേമികള്‍ ഓര്‍ക്കാറുണ്ട്.
Content Highlight: Nandu Poduval talking about Salary