| Friday, 10th April 2026, 7:47 pm

വഴിപോക്കനല്ല, ഇനിയങ്ങോട്ട് സ്വന്തമായി വഴി വെട്ടിയവനാ, സിനിമയിലെത്തി 29 വര്‍ഷത്തിന് ശേഷം മുഴുനീള വേഷം ചെയ്ത് നന്ദു പൊതുവാള്‍

അമര്‍നാഥ് എം.

29 വര്‍ഷമായി മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് നന്ദു പൊതുവാളിന്റേത്. ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായാണ് നന്ദു സിനിമാലോകത്തേക്ക് കടന്നുവന്നത്. ജോഷിയുടെ സിനിമകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു നന്ദു പൊതുവാള്‍. നൂറിലധികം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ നന്ദു കൈകാര്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പേരില്ലാത്ത, ഒന്നോ രണ്ടോ സീനില്‍ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങളാകും. ഇക്കാരണം കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ പേര് പോലും മലയാളികള്‍ക്ക് അടുത്തകാലം വരെ അറിയില്ലായിരുന്നു. സ്ഥിരം വഴിപോക്കനെന്ന് സ്വയം ട്രോളുന്ന ഡയലോഗ് കൊണ്ട് കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ അദ്ദേഹം ശ്രദ്ധ നേടി.

കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2ന്റെ സമയത്ത് നന്ദു പൊതുവാള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നെടുമുടി വേണുവിന് പകരം ഇന്ത്യന്‍ 2ല്‍ നന്ദുവായിരുന്നു അഭിനയിച്ചത്. പിന്നീട് ഇദ്ദേഹത്തിന്റെ മുഖം എ.ഐ ഉപയോഗിച്ച് മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ വഴിപോക്കന്‍ സ്റ്റാര്‍ എന്ന ഇരട്ടപ്പേരും നന്ദുവിന് വീണു. എന്നാല്‍ ഇന്ന് തിയേറ്ററുകളിലെത്തിയ മോഹിനിയാട്ടത്തില്‍ പലരും എടുത്തുപറയുന്ന പേര് നന്ദുവിന്റേതാണ്.

മോഹിനിയാട്ടത്തിന്റെ ആദ്യഭാഗമായ ഭരതനാട്യത്തിലും നന്ദുവിന് ശ്രദ്ധേയമായ വേഷമായിരുന്നു ലഭിച്ചത്. എന്നാല്‍ അധികം പെര്‍ഫോം ചെയ്യാനുള്ള സ്‌കോപ്പ് ഭരതനാട്യത്തിലുണ്ടായിരുന്നില്ല. മോഹിനിയാട്ടത്തിലേക്കെത്തിയപ്പോള്‍ കഥ മാറി. ആദ്യാവസാനം കൗണ്ടറുകള്‍ കൊണ്ട് അമ്മാനമാടുകയായിരുന്നു നന്ദു പൊതുവാള്‍ അവതരിപ്പിച്ച അശോകന്‍.

സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ബേബി ജീന്‍ എന്നിവരെ കൗണ്ടറടിച്ച് വീഴ്ത്തിയ നന്ദു ക്ലൈമാക്‌സിനോടടുത്തപ്പോള്‍ അഴിഞ്ഞാടിയെന്ന് തന്നെ പറയാം. ചെറിയ ചില മൈന്യൂട്ട് എക്‌സ്പ്രഷന്‍ കൊണ്ടുപോലും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സാധിക്കുമെന്ന് നന്ദു പൊതുവാള്‍ പലകുറി തെളിയിച്ചെന്ന് തന്നെ പറയാം. വെട്ടത്തിലെ തൊഴുന്ന സീന്‍, മരുഭൂമിക്കഥയില്‍ ക്ലൈമാക്‌സിനോടടുക്കുമ്പോഴുള്ള ഡയലോഗെല്ലാം അതിന് ഉദാഹരണമാണ്.

കരിയറാരംഭിച്ച് 29 വര്‍ഷമാകുമ്പോള്‍ പുതിയൊരു ട്രാക്കിലാണ് നന്ദു പൊതുവാള്‍ ഇപ്പോള്‍. ഭരതനാട്യവും മോഹിനിയാട്ടവും അതിന്റെ സാമ്പിള്‍ മാത്രമാണ്. ഇത്രയും കാലം മലയാളസിനിമയുടെ ഭാഗമായിരുന്നിട്ടും വലിയൊരു വേഷം നല്‍കാന്‍ കൃഷ്ണദാസ് മുരളി എന്ന പുതുമുഖ സംവിധായകന്‍ വേണ്ടിവന്നു. ഇനിയങ്ങോട്ട് ഇന്‍ഡസ്ട്രിയില്‍ അദ്ദേഹം പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Nandu Poduval gets a notable role in Mohiniyattam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more