| Monday, 11th May 2026, 2:46 pm

ആദ്യമായാണ് ഒരാൾ എന്നോട് കഥ പറയുന്നത്; നല്ലൊരു വേഷം തരണേ എന്ന് മുമ്പ് പലരോടും ചോദിച്ചിട്ടുണ്ട്: നന്ദു പൊതുവാൾ

നന്ദന എം.സി

സൈജു കുറുപ്പ് നായകനായി എത്തിയ ‘ഭരതനാട്യം’ നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ്.

2024 ആഗസ്റ്റിൽ റിലീസായ ചിത്രം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും, ഒ.ടി.ടി റിലീസിന് ശേഷം മികച്ച പ്രതികരണവും നിരൂപക പ്രശംസയും സ്വന്തമാക്കി.

മോഹിനിയാട്ടം, Photo: YouTube/ Screengrab

സായികുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ചെറിയ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ടിരുന്ന നന്ദു പൊതുവാളിന്റെ ശക്തമായ പ്രകടനമാണ് മോഹിനിയാട്ടത്തിൽ കണ്ടത്.

ആ കഥാപാത്രം വലിയ രീതിയിൽ പ്രേക്ഷക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ പുതിയ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

മോഹിനിയാട്ടം, Photo: YouTube/ Screengrab

’20 വർഷമായി സിനിമയിൽ സജീവമാണ്. ഇടയ്ക്ക് വാനമ്പാടി എന്ന സീരിയലിലും നല്ല വേഷം ചെയ്തു. ആളുകൾ അന്നും കണ്ടാൽ തിരിച്ചറിയുമായിരുന്നു.

വെട്ടം ഉൾപ്പെടെ നല്ല സിനിമകളിൽ നല്ല വേഷം ചെയ്തു. സൈജു കുറുപ്പാണ് ഭാരതനാട്യത്തിലേക്ക് വിളിക്കുന്നത്. പിന്നീട് കൃഷ്ണദാസ് മുരളി വിളിച്ച് സിനിമയുടെ കഥപറഞ്ഞു. ആദ്യമായാണ് ഒരാൾ എന്നോട് കഥ പറയുന്നത്. ഞാൻ ഇത് വരെ ചെയ്യാത്ത തരം വേഷമായിരുന്നു.

എങ്കിലും ഇത് വരെ അഭിനയിച്ചതിന്റെ അനുഭവവും കൂടെ അഭിനയിച്ചവരിൽ നിന്ന് പഠിച്ചതുമെല്ലാം ഒരുപാട് ഉപകരിച്ചു. കൃഷ്ണദാസ് എഴുതിയ നല്ല ഡയലോഗുകൾ ടൈമിങ്ങിലും ഒഴുക്കോടുകൂടിയും അവതരിപ്പിക്കാൻ കഴിഞ്ഞത് അങ്ങനെയാണ്,’ നന്ദു പൊതുവാൾ പറഞ്ഞു.

കൂടാതെ താൻ പ്രൊഡക്ഷൻ വിടില്ലെന്നും അതാണ് തന്റെ ജീവിതമാർഗമെന്നും അദ്ദേഹം പറഞ്ഞു. ‘പ്രൊഡക്ഷൻ വിടില്ല. അതാണ് ജീവിതമാർഗം. അഭിനയത്തെ മാത്രം ആശ്രയിച്ചാൽ ശരിയാകില്ല. അടുത്ത സിനിമ എന്ന് വരുമെന്ന് പറയാനാകില്ല.

മോഹിനിയാട്ടം, Photo: IMDb

പുതിയ ഒരുപാട് നല്ല ആളുകൾ വരുന്നുണ്ട്. റീൽസിലൂടെ വന്ന ചെറുപ്പകാരെല്ലാം നല്ല പ്രകടനമാണ്. ഒന്ന് രണ്ട് സിനിമയുടെ കഥ കേൾക്കാൻ വിളിച്ചിട്ടുണ്ട്.

അത് നോക്കിയിട്ടേ ചെയ്യൂ. അവസാനം പ്രൊഡക്ഷനും അഭിനയവും ഇല്ലാത്ത സ്ഥിതി വരരുതല്ലോ. നല്ലൊരു വേഷം തരണേ എന്ന് മുമ്പ് ഞാൻ പലരോടും ചോദിച്ചിട്ടുണ്ട്. കിട്ടാത്തപ്പോൾ നമുക്ക് അത് വിധിച്ചിട്ടില്ല എന്ന് സമാധാനിക്കും. ഇപ്പോഴായിരിക്കും സമയമായത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Nandu Podhuval says this is the first time someone has told me the story of a film.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more