കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തതായി കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ അറസ്റ്റ് നടപടിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2007-ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട പഴയൊരു കേസിലാണ് ബംഗാള്‍ പൊലീസ് മിലന്‍ പ്രധാനെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സഞ്ചിത പ്രധാന്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ മമതാ ബാനര്‍ജി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന അറസ്റ്റ് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഭരണസംവിധാനങ്ങളെയും പൊലീസിനെയും ദുരുപയോഗം ചെയ്ത് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും, തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ഭയന്നാണ് ഈ നീക്കമെന്നും കോണ്‍ഗ്രസ് നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു.
മിലന്‍ പ്രധാനെ മേദിനിപ്പൂര്‍ ജില്ലയിലെ ചാന്ദിപൂരിലെ ഒരു ഹോട്ടലില്‍ നിന്ന് വെസ്റ്റ് ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിയമപരമായ നടപടികളുടെ ഭാഗമായി പെന്‍ഡിങ് വാറന്റുകളില്‍ നടക്കുന്ന സ്വാഭാവിക അറസ്റ്റ് മാത്രമാണിതെന്നാണ് പൊലീസിന്റെ വിശദീകരണം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ നന്ദിഗ്രാമില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങിയ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുടെ പെട്ടെന്നുള്ള അറസ്റ്റ് വലിയ തിരിച്ചടിയായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Nandigram by-election: Congress candidate arrested following Mamata’s public support.