| Sunday, 26th October 2025, 8:26 am

സ്പിരിറ്റ് ഹിറ്റായ സമയത്ത് മമ്മൂക്ക എന്നോട് കാര്യം ആവശ്യപ്പെട്ടു, അപ്പോള്‍ തന്നെ പറ്റില്ലെന്ന് മറുപടിയും നല്കി: നന്ദു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്കിയ ചിത്രമാണ് സ്പിരിറ്റെന്ന് പറയുകയാണ് നടന്‍ നന്ദു. പ്ലംബര്‍ മണിയന്‍ എന്ന കഥാപാത്രം ഒരുപാട് ശ്രദ്ധ നേടിത്തന്നെന്നും ഇപ്പോഴും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രം റിലീസായ സമയത്തും സിനിമാലോകത്ത് നിന്ന് ഒരുപാട് ആളുകള്‍ തന്നെ പ്രശംസിച്ചെന്നും നന്ദു കൂട്ടിച്ചേര്‍ത്തു.

‘സിനിമ റിലീസ് ചെയ്ത് രണ്ട് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ മമ്മൂക്കയെ കണ്ടു. അദ്ദേഹവും മണിയനെക്കുറിച്ചായിരുന്നു സംസാരിച്ചത്. ‘പടം നന്നായിട്ടുണ്ട്, നീ അതില്‍ നന്നായി ചെയ്തിട്ടുണ്ട്’ എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. പുള്ളിയോട് താങ്ക് യൂ പറഞ്ഞു. ആ സമയത്ത് മമ്മൂക്ക വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു. ‘നീ ഇനി കൊച്ചിയിലേക്ക് താമസം മാറാന്‍ നോക്ക്. എല്ലാവരും ഇപ്പോള്‍ ഇവിടെയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അപ്പോള്‍ തന്നെ അത് പറ്റില്ലെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. തല്ലിക്കൊന്നാലും ഞാന്‍ തിരുവനന്തപുരത്ത് നിന്ന് മാറില്ല എന്നായിരുന്നു എന്റെ മറുപടി. ‘അതെന്താ, എറണാകുളം ഇഷ്ടമല്ലേ’ എന്ന് മമ്മൂക്ക ചോദിച്ചു. എറണാകുളം ഇഷ്ടമാണെന്നും നല്ല സ്ഥലമാണെന്നും പറഞ്ഞു. ഫോര്‍ട്ട് കൊച്ചി കാണണമെന്ന് തോന്നിയാല്‍ ഞാന്‍ ഡ്രൈവ് ചെയ്ത് വന്ന് കണ്ടിട്ട് തിരിച്ചു പോകും.

തിരുവനന്തപുരം വിട്ടുപോരാന്‍ താത്പര്യമില്ല എന്ന് അന്നത്തെ കാലത്ത് മമ്മൂക്കയോട് പറഞ്ഞതാണ്. ഇന്നും അതിന് മാറ്റമില്ല. നമുക്ക് എല്ലാ പരിചയക്കാരും എപ്പോഴും പോകാന്‍ പറ്റുന്ന സ്ഥലങ്ങളുമുള്ളത് തിരുവനന്തപുരത്താണ്. അത് ഒരു ശീലമായി മാറി. ഇനി അവിടം വിട്ട് പോകണമെന്ന് തോന്നാറേയില്ല,’ നന്ദു പറഞ്ഞു.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വരുന്നത് ഇപ്പോള്‍ വലിയ സംഭവമല്ലാതായെന്നും അദ്ദേഹം പറയുന്നു. തനിക്ക് കണ്‍വീനിയന്റായി യാത്ര ചെയ്യാന്‍ ട്രെയിനും ഫ്‌ളൈറ്റുമുണ്ടെന്നും കാലങ്ങളായി ഈ രണ്ട് യാത്രാ സംവിധാനങ്ങളെയാണ് താന്‍ ആശ്രയിക്കാറുള്ളതെന്നും നന്ദു കൂട്ടിച്ചേര്‍ത്തു. എറണാകുളത്തെ ഷൂട്ടിന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ഫ്‌ളൈറ്റിന് വരാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു നന്ദു.

‘ഇത്തരം യാത്രാ സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് ഇത്രയും ദൂരമുണ്ടെന്ന ചിന്ത എനിക്ക് വന്നിട്ടില്ല. ഫ്‌ളൈറ്റിലും മറ്റും രാവിലെ എറണാകുളത്ത് വന്ന് ലൊക്കേഷനിലേക്ക് എത്തിയിട്ടുണ്ട്. അല്ലാതെ ഒരു റൂമെടുത്ത് താമസിക്കാനൊന്നും ഞാന്‍ മെനക്കെടാറില്ല. മാത്രമല്ല, എറണാകുളത്ത് എല്ലായ്‌പ്പോഴും ട്രാഫിക്കാണ്. എപ്പോഴും നഗരം വലുതായിക്കൊണ്ടിരിക്കുന്നുണ്ട്. അതിനനുസരിച്ച് റോഡ് വലുതാകുന്നില്ല,’ നന്ദു പറയുന്നു.

Content Highlight: Nandhu shares Mammootty’s appreciation after Spirit Movie

We use cookies to give you the best possible experience. Learn more