| Monday, 12th May 2025, 2:11 pm

നന്ദന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നാളെയാണ് കേസിൽ ശിക്ഷ വിധി നടത്തുക.

കൊലപാതകം നടന്ന് എട്ട് വർഷങ്ങൾ ശേഷമാണ് വിധി വരുന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തിരുവനന്തപുരത്ത് ഏറ്റവും പ്രധാനപ്പെട്ട മേഖലയായ നന്ദൻകോടിലായിരുന്നു സംഭവം ഉണ്ടായത്.

മാതാപിതാക്കളായ ജീൻ പദ്മ, രാജാ തങ്കം,സഹോദരി കരോളിൻ, ബന്ധു ലളിത എന്നിവരെയാണ് കേദൽ കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങൾ നടത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ ഭാഗമായാണ് കൊലപാതകം എന്നായിരുന്നു കേദലിന്റെ വെളിപ്പെടുത്തൽ.

കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേദലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേദൽ മാനസിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയാണ് എന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കൊലപാതകത്തിനു പുറമെ തീയും ആയുധങ്ങളും ഉപയോഗിച്ച് വീട് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും കേദലിനെതിരെ ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ 92 സാക്ഷികളും 159 മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Nandancode massacre; Court finds accused Kedal guilty; Sentencing tomorrow

We use cookies to give you the best possible experience. Learn more