| Monday, 15th December 2025, 11:00 pm

ആറ്റം ബോംബുകളും കമ്പ്യൂട്ടറുകളും ഉണ്ടാക്കാന്‍ വിദേശികള്‍ക്ക് പ്രചോദനമായത് നമ്മുടെ വേദങ്ങള്‍: നന്ദമൂരി ബാലകൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഖണ്ഡ 2 സക്‌സസ് സെലിബ്രേഷനിടെ വിചിത്ര വാദവുമായി തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണ. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്ന സിനിമയാണ് അഖണ്ഡ 2വെന്നും അത്തരമൊരു സിനിമയില്‍ അഭിനയിക്കാനായതില്‍ താന്‍ അഹങ്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവികമായ ഇടപെടലില്ലാതെ ആര്‍ക്കും ജീവിക്കാനാകില്ലെന്നും ബാലകൃഷ്ണ പറയുന്നു.

നന്ദമൂരി ബാലകൃഷ്ണ Photo: Screen grab/ Mana Stars

അഖണ്ഡ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തനിക്ക് പ്രത്യേക ഊര്‍ജം ലഭിച്ചെന്നും അത്രയും ലൗഡായ ഡയലോഗുകള്‍ തനിക്ക് പറയാനുള്ള ശക്തി നല്‍കിയത് ഏതോ ഒരു അജ്ഞാത ശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖണ്ഡ 2 പോലൊരു സിനിമ ഇന്നത്തെ കാലത്ത് പ്രസക്തമാണെന്നും താരം പറയുന്നു.

‘സ്വന്തം വേരുകള്‍ എത്രമാത്രം മഹത്തരമാണെന്ന് ഇന്നത്തെ തലമുറയെ അറിയിക്കേണ്ടതുണ്ട്. സിനിമ എന്ന ശക്തമായ മാധ്യമം ഞങ്ങള്‍ അതിന് വേണ്ടിയാണ് ഉപയോഗിച്ചത്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും എത്ര വലുതാണെന്ന് ഇന്ന് ആര്‍ക്കും അത്ര ധാരണയില്ല. വേദങ്ങളും ഉപനിഷത്തുകളുമാണ് ഇന്നത്തെ മോഡേണ്‍ യുഗത്തിന് വഴികാട്ടിയായത്.

നമ്മുടെ വേദങ്ങളെല്ലാം പഠിച്ച വിദേശികള്‍ അതെല്ലാം അവരുടെ നാട്ടില്‍ കൊണ്ടുപോയി തര്‍ജമ ചെയ്തിട്ടുണ്ട്. ഹിറ്റ്‌ലറടക്കമുള്ളവര്‍ നമ്മുടെ ദേവഗ്രന്ഥങ്ങള്‍ പഠിച്ചിട്ടുണ്ട്. അതില്‍ നിന്ന് ലഭിച്ച അറിവ് വെച്ചാണ് ആറ്റം ബോംബും കമ്പ്യൂട്ടറുകളുമെല്ലാം നിര്‍മിച്ചത്. വേദഗ്രന്ഥങ്ങളില്‍ പണ്ടേ ഇതിനെക്കുറിച്ചെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. അതെല്ലാം മനസിലാക്കാന്‍ നമ്മള്‍ ശ്രമിക്കണം’ നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു.

ശുശ്രുതന്‍ എന്ന ആയുര്‍വേദ പണ്ഡിതന്‍ പൗരാണിക കാലത്ത് പല അത്ഭുതങ്ങളും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്‍ജെക്ഷന്‍, അനസ്‌തേഷ്യ, ഓപ്പറേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്രത്തിന് മുന്നേ ഇന്ത്യയില്‍ ചെയ്തിട്ടുണ്ടെന്നും ബാലകൃഷ്ണ പറയുന്നു. തന്റെ സിനിമകളിലൂടെ ഇക്കാര്യം ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ബാലകൃഷ്ണ പറഞ്ഞു.

ബോയപ്പാട്ടി ശ്രീനുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അഖണ്ഡ 2 ആദ്യദിനം മുതല്‍ ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരിക്കുകയാണ്. ലോജിക്കില്ലാത്ത ആക്ഷന്‍ സീനുകളും മോശം ഗ്രാഫിക്‌സുമെല്ലാം ചിത്രത്തിന് തിരിച്ചടിയായി മാറി. ബാലകൃഷ്ണയുടെ മുന്‍ ചിത്രമായ ഡാക്കു മഹാരാജിന് കേരളത്തില്‍ ഗംഭീര അഭിപ്രായമായിരുന്നു. എന്നാല്‍ അഖണ്ഡ 2വില്‍ താരം പഴയ ട്രാക്കിലേക്ക് മാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Nandamuri Balakrishna saying Atom Bombs and Computers are invented from Vedas

We use cookies to give you the best possible experience. Learn more