| Saturday, 17th October 2026, 7:13 am

അമേരിക്കയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നയാള്‍, ഇന്ന് തലൈവരുടെ പടത്തില്‍ ഏറ്റവും കൈയടി കിട്ടിയ നടന്‍

അമര്‍നാഥ് എം.

തിയേറ്ററുകളെ പൂരപ്പറമ്പാക്കി മുന്നേറുകയാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ ഒരിക്കല്‍കൂടി നെല്‍സണ്‍ അഴിഞ്ഞാടാന്‍ വിട്ടപ്പോള്‍ ലൈഫ്‌ടൈം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് തന്നെയാണ് ലഭിച്ചത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ഇതിനോടകം 150 കോടിക്ക് മുകളില്‍ ചിത്രം നേടിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ജയിലര്‍ 2 മാറുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

രജിനിയെ മാക്‌സിമം ഓറയില്‍ പ്രസന്റ് ചെയ്തപ്പോള്‍ നെല്‍സണ്‍ തന്റെ സ്ഥിരം ഡാര്‍ക്ക് കോമഡി പരിപാടികളുമായി കളംനിറഞ്ഞു. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫില്‍ രജിനിയെക്കാള്‍ കൈയടി നേടിയത് രണ്ടേ രണ്ട് താരങ്ങളാണ്. ഒന്ന് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും രണ്ടാമത്തേത് തമിഴ് നടന്‍ നമോ നാരായണയുമാണ്.

സുരാജ് ഞെട്ടിക്കുമെന്ന് പലര്‍ക്കും ആദ്യമേ അറിയാമായിരുന്നെങ്കിലും ഔട്ട് ഓഫ് സിലബസ്സായി വന്ന് സ്‌കോര്‍ ചെയ്തത് നമോ നാരായണയാണ്. പഴക്കട മൂര്‍ത്തി എന്ന ‘ഗ്യാങ്സ്റ്ററായി’ ഗംഭീര പ്രകടനമായിരുന്നു നമോ നാരായണ കാഴ്ചവെച്ചത്. രജിനിയെപ്പോലും സൈഡാക്കി ചില സീനുകളില്‍ കൈയടി നേടിയതോടെ പലരും നമോ നാരായണക്ക് പിന്നാലെയാണ്.

സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് രസകരമാണ്. മധുരൈ സ്വദേശിയായ നമോ നാരായണന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറിങ്ങെല്ലാം പഠിച്ചയാളാണ്. യു.എസില്‍ ജോലി ലഭിച്ച് അങ്ങോട്ട് പോകാനിരിക്കവെയായിരുന്നു സുഹൃത്തായ സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികളില്‍ അവസരം ലഭിക്കുന്നത്. ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തതിനൊപ്പം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചു.

പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് നമോ നാരായണ ശ്രദ്ധ നേടി. മമ്മൂട്ടിയുടെ താപ്പാനയിലൂടെ മലയാളത്തിലും താരം എന്‍ട്രി നടത്തി. നിരവധി പ്രശംസ നേടിയ നന്‍പകല്‍ നേരത്ത് മയക്കത്തിലും താരം ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. ജയിലര്‍ 2ലെ വേഷം കൈയടി നേടുമ്പോള്‍ മറ്റൊരു സാമ്യതയും ചര്‍ച്ചയാവുകയാണ്.

ജയിലറിന്റെ ആദ്യഭാഗത്തില്‍ നമോ നാരായണയും ചെറിയൊരു വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ ടീസറില്‍ മിന്നായം പോലെ നമോ നാരായണയെ കാണിച്ചെങ്കിലും ഫൈനല്‍ എഡിറ്റില്‍ അദ്ദേഹത്തിന്റെ റോള്‍ വെട്ടിമാറ്റപ്പെട്ടു. കാലത്തിന്റെ കാവ്യനീതിയെന്നോണം രണ്ടാം ഭാഗത്തില്‍ ഏറ്റവുമധികം കൈയടി നേടിയ കഥാപാത്രമായി നമോ നാരായണ മാറി.

ചിത്രത്തില്‍ സുരാജിന്റെ കഥാപാത്രം മൂര്‍ത്തിയെക്കുറിച്ച് പറയുന്ന ഡയലോഗും ഇതിനോടകം ചര്‍ച്ചയായി. ‘അവന്‍ എടുത്തത് കുതിരെയും കിടയാത്, അടിച്ചത് രാജാവും കെടയാത്. ആനാലും അന്ത കോണ്‍ഫിഡന്‍സ് പുടിച്ച്ത്… തള്ളേ യെവന്‍ കൊള്ളാം, പൊളപ്പന്‍ തന്നെ’. തമിഴിലെ മീഡിയ മുഴുവന്‍ ഇപ്പോള്‍ നമോ നാരായണയുടെ പിന്നാലെയാണ്.

Content Highlight: Namo Narayana’s character in Jailer 2 movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more