| Thursday, 12th November 2026, 4:21 pm

ബോക്‌സ് ഓഫീസില്‍ രാമായണം വിജയിച്ചില്ലെങ്കിലും കുഴപ്പമില്ല, ബജറ്റ് തിരിച്ചുപിടിക്കാന്‍ വേറെ വഴികളുണ്ട്: നമിത് മല്‍ഹോത്ര

അമര്‍നാഥ് എം.

റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ തന്നെ 900 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരിക്കുകയാണ് പാന്‍ വേള്‍ഡ് ചിത്രം രാമായണ. ഇന്ത്യന്‍ ഐതിഹ്യകഥയെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ ചിത്രത്തിന് വന്‍ വരവേല്പാണ് ലഭിക്കുന്നത്. ആദ്യദിനങ്ങളില്‍ വലിയ ചലനമില്ലാതിരുന്ന ചിത്രം വീക്കെന്‍ഡിന് ശേഷമാണ് ബോക്‌സ് ഓഫീസില്‍ മുന്നേറിയത്.

ഏറ്റവും വേഗത്തില്‍ ആയിരം കോടി നേടുന്ന ഇന്ത്യന്‍ സിനിമ എന്ന നേട്ടം ഇന്നത്തോടുകൂടി രാമായണയുടെ പേരിലാകുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ധുരന്ധര്‍ 2ന് ശേഷം ഈ വര്‍ഷം ആയിരം കോടി നേടുന്ന സിനിമ കൂടിയാകും രാമായണ പാര്‍ട്ട് വണ്‍. എന്നാല്‍ ചിത്രം ബ്രേക്ക് ഇവന്‍ ആകണമെങ്കില്‍ 2800 കോടിയെങ്കിലും ആവശ്യമാണ്.

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായി ഒരുക്കിയ രാമായണ നിര്‍മാതാവിന് വലിയ റിസ്‌കാണ് സമ്മാനിച്ചിരിക്കുന്നത്. പ്രൈം ഫോക്കസിന്റെ തലവന്‍ നമിത് മല്‍ഹോത്രയും കന്നഡ താരം യഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഇത്രയും വലിയ ബജറ്റിലൊരുക്കിയ ശേഷം ചിത്രത്തിന് വേണ്ടത്ര കളക്ഷന്‍ ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര.

‘ഈ സിനിമ ബോക്‌സ് ഓഫീസില്‍ ഞങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ മുന്നേറിയില്ലെങ്കിലും കുഴപ്പമില്ല. ഞങ്ങളുടെ കൈയില്‍ രണ്ട് ബാക്കപ്പ് പ്ലാനുകളുണ്ട്. ആദ്യത്തേത് മെര്‍ച്ചന്‍ഡൈസാണ്. അതിലൂടെ പരമാവധി പൈസ ഞങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. ഓണ്‍ലൈനിലൂടെ എല്ലാം വിറ്റുപോകുന്ന കാലത്ത് ഇതിനും ആളുകളുണ്ടാകും.

മെര്‍ച്ചന്‍ഡൈസിലും പ്രതീക്ഷിച്ച തുക ലഭിച്ചില്ലെങ്കില്‍ തീം പാര്‍ക്കുകളിലൂടെ പൈസ തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. ബ്രോഡ്‌വേ മ്യൂസിക്കല്‍സ്, വി.ആര്‍ ഇന്റഗ്രേഷനുകള്‍, മെറ്റവേഴ്‌സ് തുടങ്ങി വലിയ സാധ്യത ഞങ്ങളുടെ മുന്നിലുണ്ട്. അത് കറക്ടായി ഉപയോഗിക്കുക എന്നതാകും ആ സമയത്തെ ലക്ഷ്യം. പെട്ടെന്ന് തന്നെ പൈസ തിരിച്ചുപിടിക്കുക എന്നതല്ല, ലോങ് ടേം ഇന്‍വെസ്റ്റ്‌മെന്റായിട്ടാണ് രാമായണയെ ഞാന്‍ കാണുന്നത്.

രണ്ട് ഭാഗങ്ങള്‍ക്കും കൂടി നാലായിരം കോടിയാണ് രാമായണക്കായി നിര്‍മാതാക്കള്‍ ചെലവഴിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ഷൂട്ട് 50 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. 2028 ദീപാവലി റിലീസായാണ് ചിത്രം പ്ലാന്‍ ചെയ്യുന്നത്. ഹനുമാനായി സണ്ണി ഡിയോളിന്റെയും മേഘനാഥനായി രാഘവ് ജുയലിന്റെയും എ്ന്‍ട്രി രണ്ടാം ഭാഗത്തെ ഗംഭീരമാക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

Content Highlight: Namit Malhotra about the budget recovery of Ramayana Movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more