വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ 15 അംഗ സ്‌ക്വാഡാണ് ബി.സി.സി.ഐ പുറത്തുവിട്ടത്.
ടീമിൽ മുംബൈ ഇന്ത്യൻസ് യുവതാരം നമൻ ധീറും ഇടം നേടി. സമീപകാലങ്ങളിൽ നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് താരത്തിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിൽ തുറന്നത്.
അടുത്തിടെ ടി-20യിൽ നമൻ ധീർ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. ടി-20യിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ നേടിയാണ് മുംബൈ ഇന്ത്യൻസ് താരം റെക്കോഡിട്ടത്.
പഞ്ചാബ് ടി-20 ലീഗിൽ അമൃത്സർ സൂർമാസിന്റെ താരമായ നമൻ മൊഹാലി കിങ്സിനെതിരെയാണ് റെക്കോഡ് സെഞ്ച്വറി നേടി തിളങ്ങിയത്.
64 പന്തിൽ 173 റൺസ് നേടിയാണ് നമൻ ധീർ ചരിത്രമെഴുതിയത്. 16 ഫോറുകളും 12 കൂറ്റൻ സിക്സുകളും ആണ് നമൻ അടിച്ചെടുത്തത്. ടി-20യിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറാണ് താരം നേടിയത്. ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് നമൻ തകർത്തത്.
2026 ഐ.പി.എല്ലിൽ ദൽഹി ക്യാപിറ്റൽസിന് വേണ്ടിയായിരുന്നു രാഹുൽ സെഞ്ച്വറി നേടി തിളങ്ങിയത്. പഞ്ചാബ് കിങ്സിനെതിരെ പുറത്താവാതെ 152 റൺസായിരുന്നു രാഹുൽ നേടിയിരുന്നത്.
ടി-20യിലെ ഏറ്റവും ഉയർന്ന സ്കോറിന്റെ റെക്കോഡ് വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2013 ഐ.പി.എല്ലിൽ പൂനെക്കെതിരെ 175 റൺസായിരുന്നു ഗെയ്ൽ നേടിയിരുന്നത്.
നീണ്ട 13 വർഷമായിട്ടും ആരുംതൊടാത്ത ഈ റെക്കോഡ് തകർക്കാനുള്ള സുവർണാവസരമായിരുന്നു നമൻ ധിറിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാൽ വെറും മൂന്ന് റൺസകലെയാണ് താരത്തിന് ഈ ചരിത്രനേട്ടം നഷ്ടമായത്,
ഇപ്പോൾ ഇന്ത്യൻ ടീമിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്താനൊരുങ്ങുകയാണ് നമൻ. സെപ്റ്റംബർ 27നാണ് പരമ്പരക്ക് തുടക്കമാവുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആഖിബ് നബി, യശസ്വി ജെയ്‌സ്വാൾ, നമൻ ധീർ.
Content Highlight: Naman Dhir include include Indian cricket team