| Tuesday, 30th September 2025, 5:34 pm

നാമജപ ഘോഷയാത്ര; ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന പ്രക്ഷോഭ കാലത്തെ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതരമല്ലാത്ത കേസുകൾ ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം പറഞ്ഞു. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേസ് പിൻവലിക്കാനുള്ള നടപടികൾ നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ കേസും പരിഗണിക്കുന്ന കോടതിക്ക് മുമ്പാകെ കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കണമെന്നും വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2634 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയിൽ അപേക്ഷ സമർപ്പിച്ചതും കേസുകളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടികളിൽ നിന്നും ഒഴിവാക്കിയതുമായി 1047 കേസുകളാണ് സംസഥാനത്ത് ഉള്ളത്. അതിൽ 86 കേസുകൾ കോടതി തീർപ്പാക്കിയെന്നും മുഖ്യമന്തി പറഞ്ഞു.

278 കേസുകൾ റദ്ധാക്കിയിട്ടുണ്ട്. 726 കേസുകളിൽ ശിക്ഷ നടപടികൾ സ്വീകരിച്ചു. 692 കേസുകൾ കോടതിയുടെ പരിഗണയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

2023 ഓഗസ്റ്റ് 21 ന് സംസ്ഥാന സർക്കാർ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു.

2018 സെപ്റ്റംബർ 28 നാണ് ഭരണഘടനാനുസൃതമായി എല്ലാ പ്രായത്തിലുമുള്ള യുവതികൾക്കും ശബരിമല പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. പിന്നാലെ 2018 ഒക്ടോബറിൽ ശബരിമലയിലും നിലയ്ക്കലിലും ഉൾപ്പെടെ ഹിന്ദു സംഘടനകൾ വ്യാപകമായ നാമജപ പ്രതിഷേധം നടത്തുകയായിരുന്നു . പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും നേരെ ആക്രമണം ഉണ്ടായിരുന്നു.

Content Highlight: Namajapa Ghoshayathra ; CM says non-serious cases will be withdrawn

We use cookies to give you the best possible experience. Learn more