| Thursday, 11th June 2026, 10:17 pm

ചരിത്രം കുറിച്ച അതേ മത്സരത്തില്‍ സൂപ്പര്‍ മൈല്‍സ്റ്റോണ്‍; 'കങ്കാരുക്കളെ കടിച്ചു കീറി കടുവ'

ശ്രീരാഗ് പാറക്കല്‍

ഓസ്‌ട്രേലിയക്കെതിരായ ഏകദന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. മത്സരത്തില്‍ മഴ വില്ലനായി എത്തിയതോടെ ഡി.എല്‍.എസ് രീതിയിലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഷേര്‍ ഇ ബംഗ്ലായില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശേഷം 42 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് കങ്കാരുപ്പട നേടിയത്. എന്നാല്‍ 41 ഓവറായി ചുരുക്കിയ മത്സരത്തില്‍ 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി ബംഗ്ലാദേശ് വിജയം നേടുകയായിരുന്നു.

ഇതോടെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ബംഗ്ലാ കടുവകള്‍ക്ക് സാധിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഓസ്‌ട്രേലിയക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ജയിക്കുന്നത്.

ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ 42 റണ്‍സ് നേടിയപ്പോള്‍ നജമല്‍ ഹൊസൈന്‍ ഷാന്റോ 41 റണ്‍സും നേടി മികവ് പുലര്‍ത്തി. തൗഹിദ് ഹൃദോയി 40 റണ്‍സ് നേടിയിരുന്നു. 53 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ ഉള്‍പ്പെടെയാണ് ഷാന്റോ 41 റണ്‍സ് നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ഏകദിനത്തില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ഷാന്റോയ്ക്ക് സാധിച്ചത്.

ഫോര്‍മാറ്റില്‍ 65 ഇന്നിങ്‌സില്‍ നിന്ന് 2022 റണ്‍സാണ് താരം ഇതുവരെ നേടിയത്. 122 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഷാന്റോ സ്വന്തമാക്കി. നാല് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്.

അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഓസീസിന് തിരിച്ചടി നല്‍കിയാണ് ബംഗ്ലാദേശ് ബൗളിങ് തുടങ്ങിയത്. ആദ്യ ഓവറിനെത്തിയ തസ്‌കിന്‍ അഹമ്മദ് തന്റെ നാലാം പന്തില്‍ ഓപ്പണര്‍ മാറ്റ് ഷോട്ടിനെ പൂജ്യം റണ്‍സിന് പുറത്താക്കി. മെയ്ഡന്‍ ഓവറുമായാണ് താരം ആദ്യ ഓവര്‍ അവസാനിപ്പിച്ചത്.

രണ്ടാം ഓവറിനെത്തിയ മുസ്തഫിസൂര്‍ റഹ്‌മാന്‍ തന്റെ ആദ്യ പന്തില്‍ കൂപ്പര്‍ കനോലിയെയും നാലാം പന്തില്‍ മാറ്റ് റന്‍ഷോയേയും പൂജ്യം റണ്‍സിന് പുറത്താക്കി വമ്പന്‍ പ്രകടനം കാഴ്ചവെച്ചു. മുസ്തഫിസൂര്‍ മെയ്ഡനും രണ്ട് വിക്കറ്റുമായാണ് ഓസീസിനെ വിറപ്പിച്ചത്.

അതേസമയം ഓസീസിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് മാര്‍നസ് ലബുഷാനും സേവിയര്‍ ബാര്‍ട്‌ലറ്റുമാണ്. മാര്‍നസ് 85 പന്തില്‍ 55* റണ്‍സും, സേവിയര്‍ 48 പന്തില്‍ 52 റണ്‍സുമാണ് നേടിയത്. 34 റണ്‍സ് നേടിയാണ് ജോഷ് ഇംഗ്ലിസ് മടങ്ങിയത്. ഇരുവരും തമ്മിലുള്ള അവസാന മത്സരം ജൂണ്‍ 14നാണ്.

Content Highlight: Najmul Hossain Shanto Complete 2000 Runs In ODI Format

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more