നിലവില്‍ മലയാള സിനിമാ പ്രേക്ഷകരൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് അടുത്തയാഴ്ച്ച റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിം. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന പരാജയ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം എന്ന രീതിയില്‍ വലിയ കാത്തിരിപ്പായിരുന്നു അനൗണ്‍സ്‌മെന്റ് മുതല്‍ ഐ ആം ഗെയ്മിനുണ്ടായിരുന്നത്. കഴിഞ്ഞ ചിത്രം പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റാന്‍ വമ്പന്‍ സ്‌കെയിലില്‍ ഒരുക്കിയ ചിത്രവുമായാണ് ദുല്‍ഖര്‍ തിയേറ്ററുകളിലേക്കെത്തുന്നത്.
താരത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ഐ ആം ഗെയിം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന സവിശേഷതയോടെയാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഐ ആം ഗെയിമിന് ഹൈപ്പ് ഏറെയാണ്.
നഹാസ് ഹിദായത്ത്. Photo: X.com
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗായി സംഘടിപ്പിച്ച ഇവന്റില്‍ സംസാരിക്കവെ ഐ ആം ഗെയിമിന് പ്രതീക്ഷ നല്‍കുന്ന വിധത്തില്‍ നഹാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘2019ലാണ് ഈ സിനിമയുടെ ഐഡിയ മനസിലേക്ക് വരുന്നത്. അവിടെ നിന്ന് ചിത്രത്തിന്റെ വണ്‍ലൈന്‍ എഴുതിയത് മുതല്‍ തന്നെ ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷേ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ സമീപിക്കാന്‍ സാധിക്കില്ലായിരുന്നു. കാരണം അന്നും ഈ സിനിമയ്ക്ക് ഇത്ര തന്നെ ബജറ്റ് ആവശ്യമായിരുന്നു.
ഇക്കയിലേക്ക് (ദുല്‍ഖര്‍) എത്താന്‍ വേണ്ടി എനിക്ക് ഒരു ആര്‍.ഡി.എക്‌സ് വേണ്ടി വന്നു. സിനിമയുടെ വിജയത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തിന് ഒരു മെസേജ് അയച്ചു. എന്റെ കൈയില്‍ ഒരു സ്റ്റോറി ഉണ്ടെന്ന് പറഞ്ഞു. ഇക്ക ആ സമയത്ത് തെലുങ്കിലും തമിഴിലുമെല്ലാം ആയി ഭയങ്കര തിരക്കിലായിരുന്നു. ഞാന്‍ ഇപ്പോള്‍ മലയാളത്തിലേക്ക് നോക്കുന്നില്ലെന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. വണ്‍ ലൈനെങ്കിലും കേട്ട് നോക്കണം. കഥ പറഞ്ഞല്ലോ എന്ന ആശ്വാസം എനിക്ക് കിട്ടുമല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചെന്നൈയിലേക്ക് വരാന്‍ പറഞ്ഞു.
കഥ കേട്ട ഉടനെ നമ്മളിത് ചെയ്യും എന്നായിരുന്നു ഇക്ക പറഞ്ഞത്. മനസില്‍ വിചാരിച്ച ഹീറോയെ വെച്ച് തന്നെ സിനിമ ചെയ്യാന്‍ സാധിക്കുക എന്നത് വലിയ ഭാഗ്യമാണ്. ഇത്രയും വലിയ ബജറ്റ് ആവശ്യമായി വരുന്ന സിനിമ അദ്ദേഹം പ്രൊഡ്യൂസ് ചെയ്യാമെന്നും പറഞ്ഞു. അതിന്റെ റിസ്‌ക് അദ്ദേഹം ഏറ്റെടുക്കാമെന്ന് പറഞ്ഞത് ചിത്രത്തെ അദ്ദേഹം മനസിലാക്കിയത് കൊണ്ടാണ്. ലോകഃ സിനിമ നന്നായി ഓടിയാല്‍ ഐ ആം ഗെയിമിന് നല്ല ബജറ്റ് തരാമെന്ന് പ്രൊഡ്യൂസര്‍ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ലോകഃ വലിയ ഹിറ്റായി എനിക്ക് വലിയ സിനിമ ചെയ്യാനും സാധിച്ചു,’ നഹാസ് പറഞ്ഞു.
ഐ ആം ഗെയിം. Photo: I’m game/ Dulquer salmaan X page
സെപ്റ്റംബര്‍ 3ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും അങ്ങനെയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ നന്നായി ഓടിയിട്ട് വേണം തനിക്ക് ലോകഃ 2വിന് ബഡ്ജറ്റ് കൊടുക്കാനെന്നും ആ ഉത്തരവാദിത്തം തനിക്ക് ഉള്ളതുകൊണ്ട് ചിത്രം നന്നായിട്ട് വന്നിട്ടുണ്ടെന്നാണ് കരുതുന്നതെന്നും നഹാസ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Nahas Hidhayath talks about His upcoming movie I’m Game starring Dulquer Salmaan