| Wednesday, 16th September 2026, 9:53 am

ആര്‍.ഡി.എക്‌സിന് ശേഷം ഐ ആം ഗെയ്മിലേക്കെത്തിയപ്പോള്‍ ഒരു ടെന്‍ഷനുണ്ടായിരുന്നു, പക്ഷേ ഇത് നിന്റെ ബേബിയാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്: നഹാസ് ഹിദായത്ത്

അശ്വിന്‍ രാജേന്ദ്രന്‍

ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആക്ഷന്‍ ചിത്രമായ ആര്‍.ഡിഎക്സിലൂടെ വലിയ വിജയമായിരുന്നു നഹാസ് സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിമുമായി നഹാസ് തിയേറ്ററുകളിലെത്തിയിരുന്നു.

ഐ ആം ഗെയിം. Photo: District

ആര്‍.ഡി.എക്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്‌ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ച്ചയോടടുക്കുമ്പോള്‍ അമ്പത് കോടിയ്ക്കടുത്ത് ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐ ആം ഗെയ്മുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്കെത്തുമ്പോള്‍ നേരിട്ട സമ്മര്‍ദങ്ങളെ കുറിച്ച് പറയുകയാണ് നഹാസ് ഹിദായത്ത്. വലിയ സ്‌കെയിലില്‍ ഒരു ചിത്രം ഒരുക്കുമ്പോള്‍ ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു എന്നും എന്നാല്‍ ദുല്‍ഖര്‍ തനിക്ക് പ്രചോദനം നല്‍കിയെന്നും സംവിധായകന്‍ പറഞ്ഞു.

‘ആര്‍.ഡി.എക്‌സ് നന്നായത് കൊണ്ട് തന്നെ അടുത്ത ചിത്രത്തിലേക്കെത്തുമ്പോള്‍ ചെറിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. പ്രത്യേകിച്ച് ഇതുപോലൊരു കൊളാബറേഷനിലാണ് ചിത്രം വരുന്നത്. പെപെയുണ്ട്, ഡി.ക്യൂവുണ്ട്, വലിയ കാസ്റ്റും ക്രൂവുമുണ്ട്, വേഫെറര്‍ പ്രൊഡക്ഷനിലേക്ക് വരുന്നു. ഉറപ്പായിട്ടും പ്രേക്ഷകര്‍ക്ക് അതിന്റെ ഒരു എക്‌സ്‌പെറ്റേഷന്‍ ഉണ്ടാകും എന്നറിയാം.

Photo: X.com

ആ പ്രെഷര്‍ മനസിലേക്ക് ഞാന്‍ അധികം എടുത്തിട്ടില്ല, നല്ല ഒരു സിനിമ ചെയ്യുക എന്നുള്ളതായിരുന്നു മനസില്‍ ഉണ്ടായിരുന്നത്. അതിന് വേണ്ടി ഡി.ക്യു ആദ്യം തന്നെ ധൈര്യം നല്‍കിയിരുന്നു. ഇത് നിന്റെ ബേബിയാണ്, നിന്റെ സിനിമയാണ്, എനിക്ക് കഥ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് കംപ്ലീറ്റ് ഫ്രീഡം നമുക്ക് അദ്ദേഹം തന്നിരുന്നു. നിനക്കെന്താണോ വേണ്ടത് അത് നീ ചെയ്യ്, വേറെ പ്രെഷര്‍ ഒന്നും എടുക്കേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ടാല്‍ നമുക്ക് ധൈര്യമാണല്ലോ. പിന്നെ എല്ലാ പ്രെഷറും മറന്ന് നല്ല സിനിമ ചെയ്യുക എന്നതില്‍ മാത്രമാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്,’ നഹാസ് പറഞ്ഞു.

Content Highlight: Nahas Hidayath talks about the pressure he faced while he directing I’m Game after RDX

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more