തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ് ദുല്‍ഖര്‍ നായകനായ ഐ ആം ഗെയിം. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വമ്പന്‍ കുതിപ്പിനിടയിലും ഐ ആം ഗെയിം നല്ലൊരു ഹോള്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. സമീപകാലത്ത് മോളിവുഡില്‍ വന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്താണ്.
ഫാന്റസി, ആക്ഷന്‍, സ്‌പോര്‍ട്‌സ് ഴോണറുകള്‍ ചേര്‍ത്തൊരുക്കിയ ചിത്രം ധീരമായ പരീക്ഷണമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ മടങ്ങിവരവ് ഐ ആം ഗെയിമിലൂടെയാണ്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്. ആര്‍.ഡി.എക്‌സിന് ശേഷം താന്‍ ഈ കഥ ദുല്‍ഖറിനോട് പറഞ്ഞിരുന്നെന്നും ആദ്യം കേട്ടപ്പോള്‍ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞെന്നും നഹാസ് പറയുന്നു.
നഹാസ് ഹിദായത്ത് Photo: Screen grab/ Ginger Media Entertainments
ആ സമയത്ത് ദുല്‍ഖര്‍ തെലുങ്കില്‍ രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തിരുന്നെന്നും അതിന്റെ ഗ്യാപ്പില്‍ ഐ ആം ഗെയിമിനുള്ള സമയം കണ്ടെത്തിയെടുക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്രയും വേഗം ഈ പ്രൊജക്ട് ഓണാക്കണമെന്ന നിര്‍ബന്ധം ദുല്‍ഖറിനായിരുന്നെന്നും നഹാസ് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വളരെ പെട്ടെന്ന് ഓണായ പ്രൊജക്ടായിരുന്നു ഇത്. ദുല്‍ഖറിന് കഥ ഇഷ്ടപ്പെട്ടതോടുകൂടി ബാക്കിയെല്ലാം പെട്ടെന്ന് നടക്കുകയായിരുന്നു. അതിനൊപ്പം ഈ പടം പ്രൊഡ്യൂസ് ചെയ്യാമെന്ന് കൂടി ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. കാരണം, ഇത്രയും വലിയ പ്രൊജക്ട് ഫിനാന്‍ഷ്യലി ബാക്ക് ചെയ്യാന്‍ നല്ല ധൈര്യം വേണം. കഥ ഡിസ്‌കസ് ചെയ്തപ്പോള്‍ തന്നെ ക്രിക്കറ്ററായി എന്റെ മനസില്‍ പെപ്പെയായിരുന്നു.
ഇത് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ ‘അവന്‍ ഈ റോള്‍ ചെയ്യുമോ എന്ന് ചോദിക്ക്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പെപ്പെയെ വിളിച്ച് ചോദിച്ചപ്പോള്‍ അവന്‍ അപ്പോള്‍ തന്നെ ഓക്കെ പറഞ്ഞു. കഥയൊന്നും കേള്‍ക്കാന്‍ നിന്നില്ല. ഷൂട്ടിന് ഒരാഴ്ച മുമ്പ് അവനെ വിളിച്ച് ഇരുത്തി കഥ പറയുകയായിരുന്നു. ആര്‍.ഡി.എക്‌സിന്റെ കാര്യത്തിലും ഇങ്ങനെയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് കുറച്ച് മുമ്പാണ് പെപ്പെ കഥ കേട്ടത്,’ നഹാസ് ഹിദായത്ത് പറയുന്നു.
ദുല്‍ഖറിനൊപ്പം തന്നെ പ്രാധാന്യമുള്ള വിക്കി എന്ന കഥാപാത്രമായാണ് ആന്റണി വര്‍ഗീസ് പെപ്പെ പ്രത്യക്ഷപ്പെട്ടത്. ഇരുവരും തമ്മില്‍ കോമ്പിനേഷന്‍ സീനുകളൊന്നും ഇല്ലെങ്കിലും വളരെ പ്രാധാന്യമുള്ള വേഷം തന്നെയാണ് പെപ്പെക്ക്. ആര്‍.ഡി.എക്‌സില്‍ ബോക്‌സറായി വേഷമിട്ട പെപ്പെ ഐ ആം ഗെയിമിലെത്തിയപ്പോള്‍ ക്രിക്കറ്ററായാണ് വേഷമിട്ടത്.
Content Highlight: Nahas Hidayath explains how Antony Varghese became a part of I’m Game