ഓണം റിലീസായി പ്രഖ്യാപിച്ചവയില്‍ ഏറ്റവും ഹൈപ്പുള്ള സിനിമയായിരുന്നു ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവെന്ന നിലയില്‍ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തിന്. അവസാനനിമിഷം ഓണം റിലീസില്‍ നിന്ന് പിന്മാറിയ ഐ ആം ഗെയിം കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്.
വന്‍ ബജറ്റിലും ഹൈപ്പിലുമെത്തിയ ഐ ആം ഗെയിമിന് പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 40 കോടിക്കടുത്ത് ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. ആക്ഷന്‍, ഫാന്റസി സ്‌പോര്‍ട്‌സ് ഴോണറുകളിലൂടെയാണ് സംവിധായകന്‍ കഥ പറഞ്ഞത്. ഒരു അപകടത്തില്‍ പെട്ട് കൈ മാറ്റിവെക്കേണ്ടി വരുന്ന നായകന് പിന്നീട് നേരിടേണ്ടി വരുന്ന അമാനുഷിക സംഭവങ്ങളാണ് ഐ ആം ഗെയിമിന്റെ കഥ.
മലയാളത്തില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു കഥയെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നഹാസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഇത് ഹോളിവുഡ് ചിത്രമായ ബോഡി പാര്‍ട്‌സിന്റെ കോപ്പിയടിയാണെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു. ഇപ്പോഴിതാ ബോഡി പാര്‍ട്‌സുമായുള്ള സാമ്യതയെക്കുറിച്ച് സംസാരിക്കുകയാണ് നഹാസ് ഹിദായത്ത്. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യം പറഞ്ഞാല്‍ എറണാകുളം അമൃത ഹോസ്പിറ്റലില്‍ ഒരു പെണ്‍കുട്ടിക്ക് കൈമാറ്റി വെച്ച വാര്‍ത്ത കണ്ടപ്പോഴാണ് കഥയുടെ ആദ്യത്തെ ഐഡിയ കിട്ടിയത്. ചെറിയൊരു പെണ്‍കുട്ടിക്ക് 20 വയസുള്ള ആണ്‍കുട്ടിയുടെ കൈ മാറ്റിവെച്ചു എന്ന് കേട്ടപ്പോള്‍ അതില്‍ ഒരു കഥയ്ക്കുള്ള സാധ്യതയുണ്ടെന്ന് തോന്നി. ഒരു ആണ്‍കുട്ടിയുടെ കൈ പെണ്‍കുട്ടിക്ക് വന്നാല്‍ എന്തൊക്കെ നടക്കുമെന്ന് ചിന്തിച്ചു. അത് പിന്നീട് ഡെവലപ് ചെയ്ത് വന്നപ്പോഴാണ് ഇപ്പോഴത്തെ കഥ കിട്ടിയത്.
കഥ ഓക്കെയായപ്പോള്‍ ഇങ്ങനെയൊരു കഥ വേറെ ആരും ചെയ്തിട്ടുണ്ടാകില്ല എന്നൊക്കെ പറഞ്ഞ് കുറച്ച് അഹങ്കരിച്ചു. പിന്നീടാണ് നമ്മളെക്കാള്‍ മുന്നേ ഈ ഐഡിയ ഹോളിവുഡില്‍ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞത്. ബോഡി പാര്‍ട്‌സ്, ഹാന്‍ഡ്‌സ് ഓഫ് ഒര്‍ലാക് ഒക്കെ 1990 ടൈമില്‍ ഹോളിവുഡ് ചെയ്ത് കഴിഞ്ഞ കഥകളാണ്. പക്ഷേ, മലയാളത്തില്‍ ഇങ്ങനെയൊരു അറ്റംപ്റ്റ് ആദ്യമായിട്ടാണ്,’ നഹാസ് പറഞ്ഞു.
1991ല്‍ പുറത്തിറങ്ങിയ ബോഡ് പാര്‍ട്‌സ് എന്ന ഹോളിവുഡ് ചിത്രം ഐ ആം ഗെയിമിന്റെ റിലീസിന് പിന്നാലെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പരീക്ഷണാത്മകമായി ബില്‍ ക്രുഷാങ്ക് എന്ന സൈക്ക്യാട്രിസ്റ്റിന് മറ്റൊരാളുടെ കൈ വെച്ചുപിടിപ്പിക്കുകയും അതിന് ശേഷം അയാളില്‍ വരുന്ന മാറ്റങ്ങളുമാണ് ബോഡി പാര്‍ട്‌സിന്റെ കഥ. യൂട്യൂബില്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന്റെ കമന്റ് ബോക്‌സില്‍ പലരും ഐ ആം ഗെയിമിനെ മെന്‍ഷന്‍ ചെയ്തതോടെയാണ് സിനിമാപേജുകളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.
Content Highlight: Nahas Hidayath about the similarities of I’m Game with Hollywood movies