| Monday, 7th September 2026, 5:00 pm

ദുല്‍ഖര്‍ മലയാളത്തില്‍ ബോധപൂര്‍വം ഗ്യാപ്പെടുക്കുന്നതല്ല, അവിടെ ചെയ്തുകൊണ്ടിരിക്കുന്ന പടം ഇട്ടിട്ട് പോരാന്‍ പറ്റില്ലല്ലോ: നഹാസ് ഹിദായത്ത്

അമര്‍നാഥ് എം.

ബേസില്‍ ജോസഫിന്റെ അസിസ്റ്റന്റായി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് നഹാസ് ഹിദായത്ത്. കളര്‍ പടം എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ നഹാസ് ആദ്യ ഫീച്ചര്‍ ഫിലിമിലൂടെ മോളിവുഡിനെ ഞെട്ടിച്ചു. ഓണം പോലൊരു വലിയ സീസണില്‍ ദുല്‍ഖര്‍, നിവിന്‍ പോളി എന്നിവരുടെ സിനിമകളെ മലര്‍ത്തിയടിച്ച് ആദ്യചിത്രം തന്നെ 100 കോടി ക്ലബ്ബിലെത്തിക്കാന്‍ നഹാസിന് സാധിച്ചു.

രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായിട്ടാണ് നഹാസ് അണിയിച്ചൊരുക്കിയത്. ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ ചിത്രം ഇതിനോടകം വന്‍ വിജയമായി മാറിക്കഴിഞ്ഞു. മൂന്ന് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ് പക്കാ ഫാന്‍ബോയ് ട്രീറ്റ് തന്നെയായിരുന്നു.

ദുല്‍ഖര്‍ അന്യഭാഷാസിനിമകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളതെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയാണ് നഹാസ് ഹിദായത്ത്. മലയാളത്തില്‍ സിനിമകള്‍ ചെയ്യാനാണ് ദുല്‍ഖറിന് ഇഷ്ടമെന്ന് നഹാസ് പറഞ്ഞു. ഐ ആം ഗെയിമിന് ശേഷവും ഗ്യാപ്പെടുക്കാതെ മലയാളത്തില്‍ തന്നെ സിനിമ ചെയ്യാനാണ് താരം ശ്രമിക്കുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു നഹാസ് ഹിദായത്ത്.

‘ദുല്‍ഖറിന് മലയാളത്തില്‍ സിനിമകള്‍ ചെയ്യാനാണിഷ്ടം. ഐ ആം ഗെയിം കഴിഞ്ഞപ്പോള്‍ തന്നെ എന്നോട് പറഞ്ഞത് ഇനി മലയാളത്തില്‍ അടുപ്പിച്ച് പടം ചെയ്യണമെന്നായിരുന്നു. പുള്ളിക്ക് ഗ്യാപ്പെടുക്കാന്‍ താത്പര്യമില്ല. പക്ഷേ, തെലുങ്കില്‍ ഇപ്പോള്‍ ശ്രീ ശ്രീ എന്ന പടം ചെയ്തുകൊണ്ടിരിക്കുകയാണ്. അത് പകുതിക്ക് വെച്ച് ഇട്ടിട്ട് പോരാനാകില്ലല്ലോ.

മലയാളത്തില്‍ നിന്ന് തമിഴിലും തെലുങ്കിലുമൊക്കെ പോയി പടം ഹിറ്റാക്കിയ വേറെ എത്ര നടന്മാരുണ്ട് ഇവിടെ? ദുല്‍ഖര്‍ അത് തെളിയിച്ചതാണ്. പുള്ളിയുടെ തെലുങ്ക് പടങ്ങള്‍ക്ക് അവിടെ പ്രത്യേക ഫാന്‍ബേസുണ്ട്. ഡി.ക്യു തെലുങ്കില്‍ പടം ചെയ്യുമ്പോള്‍ അവരുടെ ഹീറോയാണെന്ന് അവിടെയുള്ളവര്‍ പറയും. തമിഴില്‍ പടങ്ങള്‍ ചെയ്യുന്നതുകൊണ്ട് അവരുടെ ഹീറോയാണെന്ന് പറയും. ഇവിടെ നമ്മളും അതുതന്നെയാണ് പറയുന്നത്. പുള്ളി വേറൊരു റേഞ്ചാണ്,’ നഹാസ് പറയുന്നു.

ആര്‍.ഡി.എക്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം നഹാസ് സംവിധാനം ചെയ്ത ചിത്രം ഒന്നിലധികം ഴോണറുകളാണ് പരീക്ഷിച്ചിട്ടുള്ളത്. ഗാംബ്ലിങ്, ഫാന്റസി, ആക്ഷന്‍, സ്‌പോര്‍ട്‌സ് ഴോണറുകള്‍ മിക്‌സ് ചെയ്‌തൊരുക്കിയ ചിത്രം വേറിട്ടൊരു അനുഭവമാണ്. താരത്തിന്റെ കരിയറിലെ അടുത്ത ഹിറ്റായി ഐ ആം ഗെയിം മാറുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Nahas Hidayath about Dulquer’s upcoming projects in Malayalam

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more