| Monday, 2nd March 2026, 2:08 pm

നാഗ്പൂര്‍ സ്‌ഫോടനം ഒന്‍പത് കമ്പനി ഡയറക്ടര്‍മാര്‍ അറസ്റ്റില്‍; മരണസംഖ്യ 18 ആയി

യെലന കെ.വി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സ്‌ഫോടകവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു.

സംഭവത്തില്‍ കടുത്ത സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് എസ്.ബി.എല്‍ എനര്‍ജി ലിമിറ്റഡ് കമ്പനിയുടെ ഒന്‍പത് ഡയറക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

ഖനനത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ പായ്ക്ക് ചെയ്യുന്നതിനിടെയാണ് ഉഗ്രസ്‌ഫോടനം നടന്നത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ്.

അപകടത്തെക്കുറിച്ച് അന്വേഷിച്ച പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍, കമ്പനിയില്‍ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന ചുമതലക്കാരായ 21 ഡയറക്ടര്‍മാര്‍ക്കെതിരെയും ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയും പ്രദേശം സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരിക്കുകയാണ്.

Content Highlight: Nagpur factory blast: Nine directors of explosives company arrested

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more